കാലിഫോര്‍ണിയ: അമിതവേഗതയില്‍ എത്തിയ കാര്‍ ഡിവൈഡറില്‍ ഇടിച്ചുയര്‍ന്ന് സമീപത്തെ ഓഫീസിന്‍റെ രണ്ടാം നിലയിലെത്തി‍. ഞായറാഴ്ച പുലര്‍ച്ചെ 5.30 ന് കാലിഫോര്‍ണിയയിലെ സാന്‍റാ ആനയിലാണ് സംഭവം. 

ദന്ത ഡോക്ടറുടെ ഓഫീസിന്‍റെ രണ്ടാം നിലയിലേക്കാണ് വെള്ള സെഡന്‍ ഇടിയുടെ ആഘാതത്തില്‍ തെറിച്ചെത്തിയത്. രണ്ടുപേരാണ് കാറിലുണ്ടായിരുന്നത്. ഇതില്‍ ഒരാള്‍ക്ക് ഉടനടി പുറത്തിറങ്ങാന്‍ കഴിഞ്ഞിരുന്നെങ്കിലും കൂടെയുണ്ടായിരുന്ന ആള്‍ക്ക് ഒരു മണിക്കൂറോളം കാറിനുള്ളില്‍ കുടുങ്ങി കിടക്കേണ്ടി വന്നു. 

ഓഫീസിന്‍റെ താഴത്തേ നിലയില്‍ ഫയലുകളും മറ്റുമാണ് സൂക്ഷിച്ചിരുന്നത്. ഇതിന് ചില കേടുപാടുകള്‍ പറ്റിയിട്ടുണ്ട്. ക്രെയിന്‍ ഉപയോഗിച്ചാണ് വാഹനം രണ്ടാം നിലയില്‍ നിന്ന് പുറത്തേക്ക് എടുത്തത്. വാഹനം ഓടിച്ചിരുന്ന ആള്‍ നാര്‍കോട്ടിക്സ് ഉപയോഗിച്ചിരുന്നതായി പൊലീസിനോട് സമ്മതിച്ചു.