കഴിഞ്ഞ ദിവസമാണ് ജിഷാ വധക്കേസ് റിപ്പോര്‍ട്ട് ചെയ്യാനായി എറണാകുളം ജില്ലാ കോടതിയിലെത്തിയ മാധ്യമപ്രവര്‍ത്തകരെ അഭിഭാഷകര്‍ പുറത്താക്കിയത്. വിചാരണ നടപടി തുടങ്ങും മുമ്പേ ഏതാനം അഭിഭാഷകര്‍,ബഹളം വെച്ചും അസഭ്യം പറഞ്ഞും കോടതിയില്‍ ഉണ്ടായിരുന്ന അഞ്ച് മാധ്യമപ്രവര്‍ത്തകരെ ബലമായി പുറത്താക്കുകയായിരുന്നു. ഇതിനേത്തുടര്‍ന്ന് ദേശാഭിമാനിയുടെ റിപ്പോര്‍ട്ടര്‍ മഞ്ജു കുട്ടികൃഷ്ണന്‍ പോലീസിലും, തര്‍ക്കം പരിഹരിക്കാന്‍ മുഖ്യമന്ത്രി നിയോഗിച്ച സമിതിയുടെ അധ്യക്ഷന്‍, സിപി സുധാകരപ്രസാദിനും പരാതി നല്‍കി. ഇതിന്‍റെ അടിസ്ഥാനത്തിലാണ് എറണാകുളം സെന്‍ട്രല്‍ പോലീസ് കേസെടുത്തത്.
അഡ്വ നവാസ് അടക്കം കണ്ടാലറിയാവുന്ന നാല് പേര്‍ക്കെതിരെയാണ് കേസ്. വനിതയോട് അപമര്യാദയായി പെരുമാറിയതിനും കയ്യേറ്റം ചെയ്തതിനും ഭീഷണിപ്പെടുത്തിയതിനുമാണ് കേസ്. സംഭവ സമയത്ത് കോടതിയില്‍ ഇരുപതിലധികം അഭിഭാഷകരുണ്ടായിരുന്നെങ്കിലും നാല് പേര്‍ മാത്രമാണ് പ്രശ്നങ്ങളുണ്ടാക്കിയതെന്ന് പരാതിയില്‍ പറഞ്ഞിരുന്നത്. മാനഹാനിയുണ്ടാക്കും വിധം അസഭ്യം പറഞ്ഞും ജീവന് ഭീഷണിയുയര്‍ത്തിയും അഡ്വ നവാസിന്‍റെ നേതൃത്വത്തില്‍ ഒരു സംഘം തങ്ങളെ കോടതിയില്‍ നിന്ന് ഇറക്കിവിടുകയായിരുന്നുവെന്നും പരാതിയില്‍ പറഞ്ഞിട്ടുണ്ട്.
