മുസാഫര്‍പൂര്‍ ടൗണിലെ ഒരു ഹോട്ടല്‍ ഉദ്ഘാടനം ചെയ്യാനായി നാല് ദിവസം മുമ്പ് രവീണയെത്തിയിരുന്നു. ഈ ഹോട്ടലിന്‍റെ ഉടമയ്ക്കും മകനുമെതിരെയും കേസെടുത്തിട്ടുണ്ട്

മുസാഫര്‍പൂര്‍: അഭിഭാഷകന്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ ബോളിവുഡ് നടി രവീണ ടണ്ടനെതിരെ മുസാഫര്‍പൂരില്‍ കേസ്. ഗതാഗത തടസ്സം സൃഷ്ടിച്ചുവെന്ന് കാണിച്ച് നല്‍കിയ പരാതിയിലാണ് നടിക്കെതിരെ കേസ്. 

നിയമവിരുദ്ധമായ ഒത്തുചേരല്‍, പൊതുവഴി തടസ്സപ്പെടുത്തല്‍ എന്നീ വകുപ്പുകള്‍ പ്രകാരമാണ് രവീണയ്ക്കെതിരെ കേസെടുത്തിരിക്കുന്നത്. മുസാഫര്‍പൂര്‍ ടൗണിലെ ഒരു ഹോട്ടല്‍ ഉദ്ഘാടനം ചെയ്യാനായി നാല് ദിവസം മുമ്പ് രവീണയെത്തിയിരുന്നു. ഈ സമയത്ത് പ്രദേശത്ത് ഗതാഗതം തടസ്സം നേരിട്ടിരുന്നു. 

ഇക്കാര്യം കാണിച്ചാണ് അഭിഭാഷകന്‍ പരാതി നല്‍കിയിരിക്കുന്നത്. ഹോട്ടലുടമയായ പ്രണവ് കുമാറിനും മകന്‍ ഉമേഷ് സിംഗിനുമെതിരെയും പരാതിയുണ്ട്. ഇവര്‍ക്കെതിരെയും കേസെടുത്തിട്ടുണ്ട്. വരുന്ന മാസം രണ്ടിന് കേസില്‍ വാദം നടക്കുമെന്ന് ചീഫ് ജുഡീഷ്യല്‍ മജിസ്‍ട്രേറ്റ് കോടതി അറിയിച്ചു.