എട്ടാം ക്ലാസ് മാത്രം യോഗ്യതയുള്ള ആശുപത്രി ഉടമ ശസ്ത്രക്രിയ ചെയ്യുന്ന വീഡിയോ പുറത്ത് വന്നതിനെ തുടര്‍ന്നാണ് കേസെടുത്തത്

ശാംലി: ആവശ്യമായ യോഗ്യതയുള്ളവരുടെ ചെറിയ കൈപ്പിഴ പോലും ശസ്ത്രക്രിയ അപകടകരമാക്കാന്‍ സാധ്യതയുള്ളതാണ്. അപകടം പിടിച്ച ശസ്ത്രക്രിയ ചെയ്തതിന് ഉത്തര്‍ പ്രദേശിലെ ശാംലിയിലെ സ്വകാര്യ ആശുപത്രി ഉടമയ്ക്കെതിരെ കേസ്. എട്ടാം ക്ലാസ് മാത്രം യോഗ്യതയുള്ള ആശുപത്രി ഉടമ ശസ്ത്രക്രിയ ചെയ്യുന്ന വീഡിയോ സമൂഹമാധ്യമങ്ങളിലൂടെ പുറത്ത് വന്നതിനെ തുടര്‍ന്നാണ് കേസെടുത്തത്. 

ശാംലിയിലെ ആര്യന്‍ എന്ന ഹോസ്പിറ്റലില്‍ നടന്ന ശസ്ത്രക്രിയയുടെ വീഡിയോയാണ് പുറത്ത് വന്നത്. ആശുപത്രി ഉടമയായ നര്‍ദേവ് സിങ് ആണ് ശസ്ത്രക്രിയ ചെയ്തത്. ഒരു വനിതയുടെ സഹായത്തോടെയാണ് ശസ്ത്രക്രിയ. ശസ്ത്രക്രിയ പോയിട്ട് മരുന്ന് കൊടുക്കാന്‍ പോലും ആവശ്യമില്ലാത്ത ആളുടെ നേതൃത്വത്തിലായിരുന്നു ആശുപത്രിയിലെ പ്രവര്‍ത്തനം. 

ആറു വര്‍ഷം മുമ്പാണ് ആശുപത്രി പ്രവര്‍ത്തനം ആരംഭിച്ചത്. അന്നു മുതല്‍ തന്നെ സര്‍ജനും, അനസ്തീഷ്യനിസ്റ്റ്, ഗൈനക്കോളജിസ്റ്റ് ഇവരെല്ലാം പേപ്പറില്‍ മാത്രമാണുള്ളതെന്നാണ് നിലവില്‍ കണ്ടെത്തിയിരിക്കുന്നത്. ഹോസ്പിറ്റലില്‍ സര്‍ജനായി കാണിച്ചിരിക്കുന്ന ഡോക്ടര്‍ ഏതാനും സര്‍ജറികള്‍ ഈ ഹോസ്പിറ്റലില്‍ ചെയ്തിട്ടുണ്ടെന്ന് പൊലീസ് അന്വേഷണത്തില്‍ വ്യക്തമാക്കി. എന്നാല്‍ ഈ ഡോക്ടറുടെ അഭാവത്തില്‍ ആശുപത്രിയില്‍ നടക്കുന്നത് എന്താണെന്ന് അറിയില്ലെന്ന് ഡോക്ടര്‍ പൊലീസിനോട് വെളിപ്പെടുത്തി. 

ഗൈനക്കോളജി സ്പെഷ്യലിസ്റ്റ് ആയി നിയമിതയായിട്ടുള്ള ഡോക്ടറുടേയും യോഗ്യതയുടെ കാര്യത്തില്‍ വ്യക്തത ലഭിക്കാനുണ്ട്. സംഭവത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ട ജില്ലാ മെഡിക്കല്‍ ഓഫീസര്‍ വീഡിയോയുടെ അടിസ്ഥാനത്തില്‍ ആശുപത്രി അടച്ചിടാനും നിര്‍ദേശം നല്‍കി. 

അ‌ഞ്ചിലധികം രോഗികള്‍ ആശുപത്രിയെക്കുറിച്ച് പരാതി നല്‍കിയിട്ടും നടപടിയുണ്ടായില്ലെന്ന് ആരോപണമുണ്ട്. ആരോപണം ഉണ്ടാവുന്ന സമയത്ത് ആശുപത്രി അടച്ചിടുകയും പിന്നീട് തുറന്ന് പ്രവര്‍ത്തിക്കുകയുമായിരുന്നു ഇവിടെ തുടര്‍ന്ന് പോന്നിരുന്ന രീതി. രാഷ്ട്രീയ നേതാക്കളുമായി ആശുപത്രി ഉടമയ്ക്ക് ഉണ്ടായിരുന്ന അടുപ്പത്തിന്റെ അടിസ്ഥാനത്തില്‍ ആയിരുന്നു ഇയാള്‍ ഇതുവരെയും സംരക്ഷിക്കപ്പെട്ടിരുന്നതെന്നാണ് ആരോപണം. ആരോപണവും പ്രതിഷേധവും ശക്തമായതോടെ ഇവിടെ സേവനം ചെയ്യുന്നുണ്ടെന്ന സര്‍ജന്റെ സത്യവാങ്മൂലവുമായി ആശുപത്രി അധികൃതര്‍ പുറത്തെത്തിയിട്ടുണ്ട്.