നിലയ്ക്കലിൽ നിരോധനാജ്ഞ ലംഘിച്ച കോൺഗ്രസ് നേതാക്കൾക്കെതിരെ കേസെടുത്തു. നിലയ്ക്കലിലും പമ്പയിലുമാണ് പ്രതിപക്ഷം നിരോധനാജ്ഞ ലംഘിച്ച് പ്രതിഷേധം രേഖപ്പെടുത്തിയത്. 

പത്തനംതിട്ട: നിലയ്ക്കലിൽ നിരോധനാജ്ഞ ലംഘിച്ച കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ പൊലീസ് കേസെടുത്തു. നിലയ്ക്കലിലും പമ്പയിലുമാണ് പ്രതിപക്ഷം നിരോധനാജ്ഞ ലംഘിച്ച് പ്രതിഷേധം രേഖപ്പെടുത്തിയത്. യുഡിഎഫിന്‍റെ ഒന്‍പത് നേതാക്കളും അമ്പതോളം പ്രവര്‍ത്തകരുമാണ് നിലയ്ക്കലിലെത്തിയത്. 

പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടേയും മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടേയും നേതൃത്വത്തിൽ യുഡിഎഫ് സംഘം പമ്പ വരെ എത്തി മടങ്ങി. ശബരിമലയിലെ നിരോധനാജ്ഞ ലംഘിക്കാനായെത്തിയ കോണ്‍ഗ്രസ് നേതാക്കളെ നിലയ്ക്കലില്‍ പൊലീസ് തടഞ്ഞിരുന്നു. എംഎല്‍എമാരെ മാത്രമേ സന്നിധാനത്തേക്ക് കയറ്റി വിടുകയൊള്ളൂ എന്നായിരുന്നു പൊലീസ് നിലപാട്. ഇതോടെ നിലയ്ക്കലില്‍ കുത്തിയിരുന്ന് നേതാക്കളും പ്രവര്‍ത്തകരും പ്രതിഷേധിക്കുകയായിരുന്നു. പിന്നീട്, പൊലീസ് അനുമതിയോ സംഘം പമ്പ സന്ദര്‍ശിച്ചു. എന്നാല്‍, സന്നിധാനത്ത് പോയി ഭക്തരെ ബുദ്ധിമുട്ടിക്കാനില്ലെന്ന് അറിയിച്ച് യുഡിഎഫ് സംഘം മടങ്ങുകയായിരുന്നു.