പാലക്കാട് വയോധികയെ മരുമകൾ മർദ്ദിച്ച സംഭവം വനിതാ കമ്മീഷൻ സ്വമേധയാ കേസെടുക്കും ജില്ലാ പോലീസ് മേധാവിയോട് അന്വേഷണ റിപ്പോർട്ട് ആവശ്യപ്പെടും

പാലക്കാട്: പുതുപ്പരിയാരത്ത് വയോധികയെ മരുമകൾ മർദ്ദിച്ച സംഭത്തില്‍ വനിതാ കമ്മീഷൻ സ്വമേധയാ കേസെടുക്കും. പാലക്കാട് ജില്ലാ പോലീസ് മേധാവിയോട് അന്വേഷണ റിപ്പോർട്ട് ആവശ്യപ്പെടും. മരുമകളുടെ ക്രൂര മർദ്ദനത്തിന്‍റെ വാര്‍ത്ത ഏഷ്യാനെറ്റ് ന്യൂസ്സാണ് പുറത്തുവിട്ടത്. 

പറഞ്ഞത് അനുസരിക്കാത്തതിനാണ് മർദ്ദിച്ചതെന്നാണ് മരുമകൾ ശ്രീമതിയുടെ വാദം. 80 വയസ്സിനു മേൽ പ്രായമുള്ള സരോജിനിയുടെ മുഖത്തും ശരീരത്തിലും മകന്‍റെ ഭാര്യ ശ്രീമതി ചെരുപ്പുകൊണ്ട് പല തവണ അടിക്കുന്നതിന്‍റെ ദൃശ്യങ്ങളാണ് പുറത്ത് വന്നത്. സരോജിനിയുടെ പേരിലുണ്ടായിരുന്ന വീടും സ്ഥലവും മകൻ ഭാസ്കരന്‍റെ പേരിലേക്ക് മാറ്റിയ ശേഷമാണ് ഈ ക്രൂരത. രണ്ട് മക്കളാണ് സരോജിനിക്ക്. 

അടി കിട്ടാറുണ്ടെന്നും ഭക്ഷണം നൽകാറില്ലെന്നും അമ്മ പറയാറുണ്ടെന്നും വാടക വീട്ടിൽ തനിച്ച് താമസിക്കുന്ന തനിക്ക് അമ്മയെക്കൂടി നോക്കാനാവില്ലെന്നുമാണ് സരോജിനിയുടെ മകൾ പ്രേമ പറയുന്നത്. സരോജിനി നിരന്തരം മർദ്ദനമേൽക്കുന്നുണ്ടെന്ന് അയൽവാസികളും പറയുന്നു. ഏതാനും മാസം മുൻപ് സമാനമായ സംഭവം കണ്ണൂരിൽ നിന്നും റിപ്പോർട്ട് ചെയ്തിരുന്നു.