തിരുവനന്തപുരം: വ്യാജ കേസ് ചമച്ചുവെന്ന പരാതിയിൽ മുൻ പൊലീസ് ഉദ്യോഗസ്ഥർ ഉൾപ്പെടെ ഏഴുപേർക്കെതിരെ കേസെടുക്കാൻ ഉത്തരവ്. ഫോ‌ർട്ട് പൊലീസ് സ്റ്റേഷനിലെ മുൻ എസ്ഐ എസ് പൊന്നയ്യൻ നൽകിയ പരാതിയിലാണ് തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണർ അന്വേഷണത്തിന് ഉത്തരവിട്ടത്.

ഒരു ദേശസാൽകൃത ബാങ്കിലെ സാമ്പത്തിക ക്രമക്കേട് കേസിൽ അറസ്റ്റിലായ രമയെന്ന സ്ത്രീ നൽകിയ പരാതിയിൽ പൊന്നയ്യനെതിരെ നേരത്തെ അച്ചടക്ക നടപടി സ്വീകരിച്ചിരുന്നു. കസ്റ്റഡിയിൽ വച്ച് അപമര്യാദയായി പെരുമാറി എന്ന രമയുടെ പരാതിയിലാണ് പൊന്നയ്യനെതിരെ നടപടി സ്വീകരിച്ചത്. എന്നാൽ തന്നെ കുരുക്കാൻ ഉന്നത ഉദ്യോഗസ്ഥരുൾപ്പെടെ ഗൂഡാലാചോന നടത്തിയെന്നായിരുന്നു പൊന്നയ്യന്റെ പരാതി. ഫോർട്ട് സ്റ്റേഷനിലെ മുൻ സി ഐ എസ് വൈ സുരേഷ്, ഫോർട്ട് അസിസ്റ്റന്‍റ് കമ്മീഷണറായിരുന്ന കെ എസ് സുരേഷ്കുമാർ, മുൻ സ്പെഷൽ ബ്രാഞ്ച് അസിസ്റ്റന്റ് കമ്മീഷണറായിരുന്ന വിജയൻ, ഫോർട്ട് സ്റ്റേഷനിലെ മുൻ എസ് ഐ വിജയകുമാർ, അന്വേഷണ സംഘത്തിലുണ്ടായിരുന്ന വനിതാ പൊലീസുകാരി പുഷ്പകല, കേസിൽ അറസ്റ്റിലായ രമ, രമയുടെ ഭർ‍ത്താവ് ചിദംബര താണുപിള്ള എന്നിവർക്കെതിരായിരുന്നു പരാതി. ഉന്നതങ്ങളിൽ സ്വാധീനമുള്ള പ്രതിക്കുവേണ്ടി കേസ് ഫയലുകൾ മോഷ്ടിക്കുകയും പ്രതിയുടെ വ്യാ‍‍ജ മൊഴി രേഖപ്പെടുത്തുകയും ചെയ്തുവെന്ന് പരാതിയിൽ പറയുന്നു. ഇവർക്കെതിരെ കേസെടുത്ത് അന്വേഷണം നടത്താൻ ഫോ‌ർട്ട് പൊലീസിന് തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണർ നിർദ്ദേശം നൽകി.