പാലാ ഒന്നാം ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയുടെ നിര്‍ദേശപ്രകാരം കുറവിലങ്ങാട് പോലീസാണ് കേസെടുത്തത്. ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരമാണ് കേസ്
കോട്ടയം: ജലന്ധര്‍ ബിഷപ്പിനെതിരായ പരാതിയില്‍ നിന്ന് പിന്‍മാറാന്‍ കന്യാസ്ത്രീകളെ സമ്മര്‍ദ്ദം ചെലുത്തിയതിന് ഫാ. ജെയിംസ് ഏര്‍ത്തയിലിനെതിരെ കേസെടുത്തു. പാലാ ഒന്നാം ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയുടെ നിര്‍ദേശപ്രകാരം കുറവിലങ്ങാട് പോലീസാണ് കേസെടുത്തത്. ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരമാണ് കേസ്. പാരിതോഷികം വാഗ്ദാനം ചെയ്ത് സ്വാധീനിക്കല്‍, മരണഭയം ഉളവാക്കുന്ന തരത്തിലുള്ള ഭീഷണി, ഫോണ്‍വിളി വഴിയുള്ള ഭീഷണി എന്നീ വകുപ്പുകളാണ് വൈദീകനെതിരെ ചുമത്തിയിട്ടുള്ളത്.
അതേസമയം ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ ചോദ്യം ചെയ്യാന്‍ അന്വേഷണം സംഘം ജലന്ധറിലേക്ക് പോകാന്‍ ധാരണയായി. ബിഷപ്പിനുള്ള ചോദ്യാവലി തയ്യാറാക്കിയ ശേഷമാകും ജലന്ധറിലേക്ക് പോകുക. ഇമെയിലുകൾ പരിശോധിക്കാനുള്ളതിനാൽ സൈബർ വിദഗ്ധരും സംഘത്തിലുണ്ടാകും.
കന്യാസ്ത്രീ നൽകിയ പരാതിയിൽ കേരളത്തിലെ അന്വേഷണം ഒരാഴ്ച മുൻപ് പൂർത്തിയായതാണ്. എന്നാൽ ഈ പരാതിയിൽ ചില വ്യക്തത കൂടി വരുത്തണമെന്ന് ഉന്നത ഉദ്യോഗസ്ഥരുടെ നിർദ്ദേശത്തിന്റെ അടിസ്ഥാനത്തിൽ ജലന്ധറിലേക്കുള്ള യാത്ര അന്വേഷണസംഘം നീട്ടിവെക്കുകയായിരുന്നു. ബിഷപ്പിനെ ചോദ്യം ചെയ്യാൻ വൈകുന്നത് വലിയ വിമർശനത്തിന് ഇടയാക്കി. പരാതി നൽകി ഒരു മാസം കഴിഞ്ഞിട്ടും ചോദ്യം ചെയ്യൽ വൈകുന്നത് പൊലീസിന്‍റെ മെല്ലേപ്പോക്കെന്നാണ് ആക്ഷേപം.
