ഉത്തർപ്രദേശിൽ ഗാന്ധിവധത്തെ പ്രകീർത്തിച്ച ഹിന്ദു മഹാസഭ പ്രവർത്തകർക്കെതിരെ കേസെടുത്തു. കണ്ടാലറിയാവുന്ന നാല് പേരടക്കം 12 പേർക്കെതിരെയാണ് കേസെടുത്തത്.

അലിഗഡ്: മഹാത്മഗാന്ധിയുടെ 71-ാം രക്തസാക്ഷിത്വ ദിനത്തിൽ ഗാന്ധി കോലത്തിന് നേരെ വെടിയുതിർത്ത ഹിന്ദുമഹാസഭ പ്രവർത്തകർക്കെതിരെ അലിഗഡ് പൊലീസ് കേസ് രജിസ്റ്റ‌ർ ചെയ്തു. കണ്ടാലറിയുന്ന എട്ട് പേരുൾപ്പെടെ പന്ത്രണ്ട് പേർക്കെതിരെയാണ് കേസെടുത്തത്. രണ്ട് പേർ പൊലീസ് കസ്റ്റഡിയിലാണ്. ബാക്കിയുള്ളവരുടെ അറസ്റ്റ് ഉടൻ രേഖപ്പെടുത്തുമെന്ന് അലിഗഡ് എ എസ് പി നീരജ് ജാദോർ അറിയിച്ചു.

Add Asianetnews as a Preferred SourcegooglePreferred

ഗാന്ധിയുടെ രക്തസാക്ഷിത്വം ആഘോഷിക്കുന്ന വീഡിയോ വലിയ വിവാദമായതോടെയാണ് പൊലീസ് നടപടി. ഹിന്ദു മഹാസഭാ ദേശീയ സെക്രട്ടറി പൂജ ശകുൻ പാണ്ഡെയാണ് ഗാന്ധിയുടെ കോലത്തിൽ പ്രതീകാത്മകമായി വെടിയുതിർക്കുകയും കോലത്തിൽ നിന്ന് ചോര ഒഴുകുന്നതായി പ്രദർശിപ്പിക്കുകയും ചെയ്തത്. അലിഗഡിൽ സംഘടിപ്പിച്ച ചടങ്ങിലാണ് ഹിന്ദുമഹാസഭ ദേശീയ സെക്രട്ടറി പ്രകോപനപരമായി പെരുമാറിയത്. 

ഇതിന് പുറകേ ഗാന്ധിയുടെ ഘാതകൻ നാഥുറാം ഗോഡ്സെയുടെ പ്രതിമയിൽ ഹാരാർപ്പണവും നടത്തി. ഹിന്ദു മഹാസഭ പ്രവർത്തകർ ഗോഡ്സെക്ക് മുദ്രാവാക്യം വിളിക്കുന്നതും ദൃശ്യങ്ങളിലുണ്ട്. ഗാന്ധിജിയുടെ രക്തസാക്ഷിത്വദിനമായ ജനുവരി 30 ശൗര്യ ദിവസ് എന്ന പേരിൽ ഹിന്ദു മഹാസഭ ആഘോഷിക്കുന്ന പതിവുണ്ട്. എന്നാൽ ഗാന്ധിയുടെ രക്തസാക്ഷിത്വം അതേപടി അവതരിപ്പിച്ചുള്ള ആഘോഷം ഇതാദ്യമായാണ്.