കൊച്ചി: സംവിധായകൻ ജീൻ പോൾ ലാൽ ഉൾപ്പെടെയുളളവർക്കെതിരെ യുവനടി നൽകിയ പരാതിയിൽ പ്രത്യേക അന്വേഷണസംഘം നടപടി തുടങ്ങി. പരാതിക്കാരിയായ യുവതിയെ വിളിച്ചുവരുത്തി വീണ്ടും മൊഴിയെടുത്തു.

അന്വേഷണ ഉദ്യോഗസ്ഥനായ തൃക്കാക്കര അസിസ്റ്റന്‍റ് കമ്മീഷണറാണ് പരാതിക്കാരിയായ യുവതിയുടെ മൊഴി വീണ്ടും രേഖപ്പെടുത്തിയത്. നേരത്തെ വനിതാ സിഐയും മൊഴിയെടുത്തിരുന്നു. ഹണി ബീ ടു എന്ന സിനിമയുടെ ഷൂട്ടിങ്ങിനിടെ ലൈംഗികച്ചുവയോടെ സംസാരിച്ചെന്നും പ്രതിഫലം നൽകിയില്ലെന്നുമായിരുന്നു പരാതി. ഇതിൽ കേസെടുത്തെങ്കിലും ഡ്യൂപ്പിനെ വെച്ച് അപകീർത്തികരമായ രംഗങ്ങൾ പകർത്തി എന്ന ആരോപണം കേസിന്‍റെ ഭാഗമാക്കിയിരുന്നില്ല. യുവതിയുടെ പരാതിയിൽ വ്യക്തത തേടിയാണ് വീണ്ടും മൊഴിയെടുത്തത്.

സംവിധായകൻ ജീൻ പോൾ ലാൽ, നടൻ ശ്രീനാഥ് ഭാസി, സഹസംവിധായകൻ അനിരുദ്ധ, നിർമാണ സഹായി അനൂപ് എന്നിവരെയായിരുന്നു പ്രതി ചേർത്തത്. ജീൻ പോൾ ലാൽ അടക്കമുളളവരെ അടുത്തദിവസം വിളിച്ചുവരുത്തി മൊഴിയെടുക്കും. ശ്രീനാഥ് ഭാസി ഉൾപ്പെടെയുള്ളവർക്കെതിരായ ആരോപണത്തിൽ കൂടുതൽ തെളിവുകൾ ആവശ്യമാണെന്ന് പൊലീസ് അറിയിച്ചു. ശ്രീനാഥ് ഭാസിക്കെതിരെ ആരോപണം ഉന്നയിച്ചിട്ടില്ലെന്ന് പരാതിക്കാരിയുടെ കുടുംബം അവകാശപ്പെട്ടിരുന്നു.