പരാതിയില്‍ അസ്വഭാവികതയെന്ന് ബെംഗളൂരു പൊലീസ് കേരള പോലീസ് പോയത് സാമ്പത്തിക തട്ടിപ്പ് കേസ് അന്വേഷിക്കാന്‍

ബെംഗളൂരു: സാമ്പത്തിക തട്ടിപ്പ് കേസ് പ്രതിയെ പിടികൂടാൻ ബെംഗളൂരുവിലെത്തിയ കേരള പൊലീസ് സംഘത്തിനെതിരെ സ്ത്രീ പീഡനത്തിന് കേസ്. സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരിയുടെ പരാതിയിലാണ് ബെംഗളൂരു പൊലീസ് തൊടുപുഴ ക്രൈംബ്രാഞ്ചിലെ മൂന്ന് ഉദ്യോഗസ്ഥർക്കെതിരെ കേസെടുത്തത്. ഇതു വ്യാജ പരാതിയെന്നാണ് തൊടുപുഴ ക്രൈംബ്രാഞ്ച് ഡിവൈഎസ്പിയുടെ വിശദീകരണം. കേസിന് ആസ്പദമായ സംഭവം നടക്കുന്ന് മെയ് 22നാണ്. സ്വകാര്യ സ്ഥാപനത്തിലെ റിസപ്ഷനിസ്റ്റായ യുവതി പരാതി നൽകുന്നത് ജൂൺ ഒന്നിനും. ബെംഗളൂരു പൊലീസ് കേസെടുക്കുന്നത് ജൂൺ നാലിന്.

കേരളത്തിൽ നിരവധി തട്ടിപ്പ് കേസുകളിൽ പ്രതിയായ ബിനീഷ് തോമസ് എന്നയാളെ തേടിയാണ് ക്രൈംബ്രാഞ്ച് സിഐഡി വിഭാഗത്തിലെ മൂന്ന് പൊലീസുകാർ ബെംഗളൂരു വിവേക് നഗറിലുളള സ്വകാര്യ സ്ഥാപനത്തിലെത്തിയത്. എസ് ഐ അരുൺ നാരായണന്‍റെ നേതൃത്വത്തിലുളള സംഘം ഓഫീസിൽ അപ്പോഴുണ്ടായിരുന്ന ജീവനക്കാരോട് ബിനീഷ് തോമസിനെ തിരക്കി. സ്ഥലത്തില്ലെന്നും എത്താൻ വൈകുമെന്നും പറഞ്ഞയുടൻ പൊലീസുകാർ തന്നെ കയറിപ്പിടിച്ചെന്നും കസേരയിൽ നിന്ന് തളളിയിട്ടെന്നും യുവതി പരാതിയിൽ പറയുന്നു.

മറ്റു ജീവനക്കാരെയും ഭീഷണിപ്പെടുത്തിയെന്നും പരാതിയുണ്ട്. ലൈംഗികാതിക്രമക്കുറ്റമടക്കം ചുമത്തിയാണ് കേരള പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ വിവേക് നഗർ പൊലീസ് കേസെടുത്തത്. ഇവരെ വിളിച്ചുവരുത്തുമെന്നും പരാതി വ്യാജമാണോയെന്ന് പരിശോധിക്കുമെന്നും അഡീഷണൽ കമ്മീഷണർ അറിയിച്ചു. എന്നാൽ, എംബിബിഎസ് അ‍ഡ്മിഷന്‍റെ പേരിൽ കോടികളുടെ തട്ടിപ്പ് കേസിൽ പ്രതിയായ ബിനീഷ് തോമസ് പൊലീസിനെതിരെ വ്യാജപരാതി നൽകിയതാണെന്നാണ് തൊടുപുഴ ക്രൈംബ്രാഞ്ചിന്‍റെ വിശദീകരണം.

ബിനീഷ് തോമസിനെ മുമ്പ് അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിട്ടിരുന്നു. പിന്നെയും കേസുകൾ വന്നപ്പോൾ വിളിപ്പിച്ചെങ്കിലും എത്തിയില്ല. തുടർന്നാണ് ബെംഗളൂരുവിൽ അന്വേഷിച്ചെത്തിയത്. പൊലീസ് സംഘം സ്ഥലത്തെത്തിയപ്പോർ ഓഫീസിൽ ആരുമുണ്ടായിരുന്നില്ലെന്നും നോട്ടീസ് നൽകി മടങ്ങിയെന്നുമാണ് വിശദീകരണം. സംഭവം നടന്ന് രണ്ടാഴ്ചക്ക് ശേഷം പരാതിയുമായി എത്തിയതിൽ അസ്വാഭാവികതയുണ്ടെന്ന നിഗമനത്തിലാണ് ബെംഗളൂരു പൊലീസും.