ടിപി കേസ് പ്രതി കൊടി സുനിയുടെയും സംഘത്തിന്റയും പരസ്യ മദ്യപാനത്തിൽ കേസെടുത്ത് പൊലീസ്.

കണ്ണൂർ: കൊടി സുനിയും സംഘവും പരസ്യമായി മദ്യപിച്ചതിൽ ഗത്യന്തരമില്ലാതെ കേസെടുത്ത് തലശ്ശേരി പോലീസ്. കൊടി സുനിക്ക് പുറമേ മുഹമ്മദ് ഷാഫി, ഷിനോജ് എന്നിവരും പ്രതികളാണ്. പരാതികളും സമ്മർദ്ദവും വന്നതോടെയാണ് കേസെടുക്കാൻ ആകില്ലെന്ന നിലപാട് തലശ്ശേരി പോലീസ് തിരുത്തിയത്. 

കുടിച്ചത് മദ്യമാണോ എന്ന് എങ്ങനെ തെളിയിക്കും എന്നായിരുന്നു ആദ്യം പോലീസ് ചോദിച്ചത്. ജൂൺ 17 ന്റെ സിസിടിവി ദൃശ്യങ്ങൾ ഉപയോഗിച്ച് കേസെടുത്താലും നിൽക്കില്ല എന്നായിരുന്നു വാദം. വൈദ്യ പരിശോധന ഉൾപ്പെടെ നടത്താത്തത് കൊണ്ട് കേസെടുക്കാൻ ആകില്ലെന്ന കാര്യത്തിൽ ഉറച്ചു നിൽക്കുകയായിരുന്നു. കെഎസ്‌യു സംസ്ഥാന ജനറൽ സെക്രട്ടറി ഫർഹാൻ മുണ്ടേരിയുടെ പരാതിയും സിറ്റി പോലീസ് കമ്മീഷണറുടെ നിർദ്ദേശവും വന്നതോടെയാണ് ഗത്യന്തരമില്ലാതെ തലശ്ശേരി പോലീസ് കേസെടുത്തത്.

അബ്കാരി നിയമത്തിന് വിരുദ്ധമായി പരസ്യമായി മദ്യപിച്ചതിനാണ് വകുപ്പുകൾ ഇട്ടത്. ടിപി ചന്ദ്രശേഖരൻ വധക്കേസിലെ മൂന്ന് പ്രതികൾക്ക് പുറമെ, ന്യൂ മാഹി ഇരട്ടക്കൊല കേസിലെ പ്രതികളിൽ ചിലരും മദ്യപിച്ചിട്ടുണ്ട്. കണ്ടാൽ അറിയുന്ന ഇവരെയും പ്രതി പട്ടികയിൽ ഉൾപ്പെടുത്തി. കൊലക്കേസിലെ കുറ്റവാളികൾക്ക് മദ്യപിക്കാൻ ഒത്താശ ചെയ്തു നൽകിയ മൂന്നു പോലീസുകാരെ നേരത്തെ സസ്പെൻഡ് ചെയ്തിരുന്നു.

ശിക്ഷ കാലയളവിൽ മറ്റൊരു കേസിന്റെ വിചാരണയ്ക്കായി കോടതിയിൽ കൊണ്ടുപോയപ്പോൾ പോലീസിനെ കാവൽ നിർത്തിയുള്ള മദ്യപാനം, കൊടി സുനിയുടെയും മുഹമ്മദ്‌ ഷാഫിയുടെയും എല്ലാം പരോളിനെ ബാധിക്കേണ്ടതാണ്. എന്നാൽ ടി പി കേസിലെ കുറ്റവാളികൾക്ക് ചട്ടങ്ങൾ മറികടന്നുള്ള ആനുകൂല്യങ്ങളാണ് ജയിൽ വകുപ്പും സർക്കാറും നൽകി വന്നിട്ടുള്ളത്.

കൊടി സുനിയുടെ പരസ്യ മദ്യപാനം; ഒടുവില്‍ കേസെടുത്ത് പൊലീസ്