Asianet News MalayalamAsianet News Malayalam

കൊടിക്കുന്നിലിന്‍റെ വേദിയില്‍ ചാണകവെള്ളം തളിച്ചു; മഹിളാ മോര്‍ച്ച പ്രവര്‍ത്തകര്‍ക്ക് കേസ്

Case against Mahila Morcha activists who sprinkled cow dung water where Congress leader protested
Author
First Published Oct 13, 2017, 10:23 AM IST

കൊല്ലം: കൊടിക്കുന്നില്‍ സുരേഷ് എംപിയുടെ ഏകദിന ഉപവാസ സമരത്തിനെതിരായ മഹിളാ മോര്‍ച്ചയുടെ പ്രതിഷേധത്തില്‍ കേസ് എടുത്തു. വേദിയില്‍ ചാണകവെള്ളം തളിച്ച മഹിളാ മോര്‍ച്ച പ്രവര്‍ത്തകര്‍ക്കെതിരെയാണ് കൊട്ടാരക്കര പൊലീസ് കേസ് എടുത്തത്. എന്നാല്‍  തട്ടിപ്പ് സമരത്തിനെതിരായ പ്രതിഷേധം മാത്രമാണ് നടത്തിയതെന്നാണ് മഹിളാ മോര്‍ച്ചയുടെ വിശദീകരണം.

കൊല്ലം - ചെങ്കോട്ട പാതയോടുള്ള റെയില്‍വേ അവഗണനക്കെതിരെയാണ് കൊട്ടാരക്കര റെയില്‍വേ സ്റ്റേഷന് മുന്‍പില്‍ കൊടിക്കുന്നില്‍ സുരേഷ് എം പി ഏകദിന ഉപവാസ സമരം നടത്തിയത്. ഉപവാസ സമരം അവസാനിച്ചതിന് പിന്നാലെ മഹിള മോര്‍ച്ച പ്രവര്‍ത്തകര്‍ സമരവേദിയിലെത്തി ചാണകവെള്ളം തളിക്കുകയായിരുന്നു. റെയില്‍വേ അവഗണനയെന്ന് കള്ളം പറഞ്ഞ്  നടത്തിയ സമരവേദി ശുദ്ധമാക്കാനെന്ന് പറഞ്ഞാണ് ചാണകവെള്ളം തളിച്ചത്.

എന്നാല്‍ മഹിളാ മോര്‍ച്ചയുടെ നടപടി ദളിതരെ അപമാനിക്കുന്നതാണെന്നാണ് കോണ്‍ഗ്രസിന്‍റെ ആരോപണം. രാജ്യമെമ്പാടും ദളിതര്‍ക്ക് നേരെ സംഘപരിവാര്‍ നടത്തുന്ന ആക്രമണത്തിന്റെ തുടര്‍ച്ചയാണിതെന്നും കോണ്‍ഗ്രസ് കുറ്റപ്പെടുത്തി. 

സംഭവത്തില്‍ ബിജെപി പ്രസിഡന്റ് കുമ്മനം രാജശേഖരന്‍ പരസ്യമായി മാപ്പ് പറയണമെന്നും കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. ചാണകവെള്ളം തളിച്ചവര്‍ക്കെതിരെ പട്ടികജാതി പീഡന നിരോധന നിയമപ്രകാരം കേസെടുക്കണമെന്നാവശ്യപ്പെട്ടായിരുന്നു കോണ്‍ഗ്രസിന്‍റെ പരാതി . 

Follow Us:
Download App:
  • android
  • ios