തിരുവനന്തപുരം: തിരുവനന്തപുരം മേയര്‍ വികെ പ്രശാന്ത് ഉള്‍പ്പെടെ നാല് പേര്‍ക്കെതിരെ പട്ടികജാതി അതിക്രമം തടയല്‍ നിയമപ്രകാരം കേസെടുത്തു. നഗരസഭയിലെ ബഹളത്തിനിടെ മേയര്‍ ഉള്‍പ്പെടെയുളളവര്‍ ജാതിപ്പേര് വിളിച്ച് ആക്ഷേപിച്ചെന്ന ബിജെപി കൗണ്‍സിലര്‍ നല്‍കിയ പരാതിയെ തുടര്‍ന്നാണ് നടപടി. മ്യൂസിയം പൊലീസ് ആണ് കേസെടുത്തത്. 

ബിജെപി കൗണ്‍സിലറെ ജാതിപ്പേര് വിളിച്ചാക്ഷേപിച്ചതിന് മേയര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ്സെടുക്കണമെന്ന് ദേശീയ പട്ടികജാതി പട്ടികജാതി കമ്മീഷന്‍ വൈസ് ചെയര്‍മാന്‍ എല്‍.മുരുകന്‍ പൊലീസിന് നിര്‍ദ്ദേശം നല്‍കിയിരുന്നു.

കഴിഞ്ഞ ദിവസം, എല്‍.മുരുഗന്‍ നേരിട്ടെത്തി സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന ബിജെപി കൗണ്‍സിലര്‍ ലക്ഷ്മിയുടെ മൊഴിയെടുക്കുകയും ചെയ്തിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് തുടര്‍നടപടി ഉണ്ടായത്. ഇതേ വകുപ്പുപ്രകാരം ബിജെപി കൗണ്‍സിലര്‍മാര്‍ക്കെതിരെയും കേസ് എടുത്തിരുന്നു.