മന്ത്രി തോമസ് ചാണ്ടിയുടെ ലേക്ക് പാലസ് റിസോര്‍ട്ടിന് മുന്നില്‍ നെല്‍വയല്‍ തണ്ണീര്‍ത്തട സംരക്ഷണ നിയമം ലംഘിച്ച് പാര്‍ക്കിംഗ് ഏരിയയും പ്രധാന ഗേറ്റിലേക്കുള്ള അപ്രോച്ച് റോ‍‍‍‍ഡും നിര്‍മ്മിച്ച സംഭവത്തിലുള്ള ജില്ലാ കളക്ടറുടെ രണ്ടാമത്തെ ഹിയറിംഗ് ഇന്ന് നടക്കും. വൈകിട്ട് നാലിന് ആലപ്പുഴ ജില്ലാ കളക്ടറുടെ ചേമ്പറിലാണ് ലേക് പാലസ് റിസോര്‍ട്ട് കമ്പനിയായ വാട്ടര്‍വേള്‍ഡ് ടൂറിസം കമ്പനി അധികതരും സ്ഥലമുടമകളും ഉദ്യോഗസ്ഥരും ഹിയറിംഗിന് ഹാജരാവുക. കഴിഞ്ഞ തവണത്തെ ഹിയറിംഗില്‍ വാട്ടര്‍വേള്‍ഡ് ടൂറിസം കമ്പനി അധികതര്‍ക്ക് നിലം നികത്താനുള്ള അനുമതി രേഖകളൊന്നും ഹാജരാക്കാനായില്ല. പാര്‍ക്കിംഗ് സ്ഥലം കമ്പനിയുടെ ഉടമസ്ഥതതയിലല്ലെന്ന വാദമാണ് അന്ന് കമ്പനി ജില്ലാ കളക്ടറെ അറിയിച്ചത്. ഇതേ തുടര്‍ന്ന് മതിയായ രേഖകള്‍ ഹാജരാക്കാന്‍ ഒരാഴ്ച കൂടി സമയം ജില്ലാ കള്ക്ടര്‍ അനുവദിക്കുകയായിരുന്നു.

ഇന്ന് നടക്കുന്ന ഹിയറിംഗിലും അനുമതി രേഖകള്‍ ഹാജരാക്കാനായില്ലെങ്കില്‍ പാര്‍ക്കിംഗ് സ്ഥലവും പ്രധാന ഗേറ്റിലേക്കുള്ള അപ്രോച്ച് റോഡും നെല്‍വയല്‍ തണ്ണീര്‍ത്തട സംരക്ഷണ നിയമമനുസരിച്ച് പൊളിച്ചുമാറ്റി നെല്‍പ്പാടം പൂര്‍വ്വസ്ഥിതിയിലാക്കാനുള്ള നടപടികളുമായി ജില്ലാ കളക്ടര്‍ മുന്നോട്ട് പോകും. അതോടൊപ്പം ലേക്ക് പാലസിന് മുന്നില്‍ ടാറിംഗ് അവസാനിപ്പിച്ച വലിയകുളം സീറോ ജെട്ടി റോഡിനും നെല്‍വയല്‍ നികത്താനുള്ള അനുമതി കിട്ടിയിരുന്നില്ല. ഈ റോഡും പൂര്‍വ്വസ്ഥിതിയിലാക്കാനുള്ള നടപടികളുമായി ജില്ലാ കള്ക്ടര്‍ക്ക് മുന്നോട്ട് പോകേണ്ടിവരും. അനധികൃതമായി പാര്‍ക്കിംഗ് സ്ഥലവും പ്രധാന ഗേറ്റിലേക്കുള്ള അപ്രോച്ച് റോഡും വലിയകുളം സീറോ ജെ്ട്ടി റോഡും നിര്‍മ്മിച്ച സംഭവം ഏഷ്യാനെറ്റന്യൂസാണ് പുറത്തുകൊണ്ടുവന്നത്.