തൃശൂര്‍: തൃശൂര്‍ ഏങ്ങണ്ടിയൂരില്‍ ദളിത് യുവാവ് വിനായകന്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ രണ്ടു പൊലീസുകാര്‍ക്കെതിരെ കേസെടുത്തു. വിനായകനെ മര്‍ദ്ദിച്ച പാവറട്ടി പൊലീസ് സ്റ്റേഷനിലെ സിപിഓമാരായ സാജന്‍, ശ്രീജിത് എന്നിവര്‍ക്കെതിരെ പട്ടികജാതിക്കാര്‍ക്കെതിരായ അതിക്രമവും ശാരീരിക ഉപദ്രവവും ചുമത്തിയാണ് വാടാനപ്പള്ളി പൊലീസ് കേസ് എടുത്തിരിക്കുന്നത്.

കഴിഞ്ഞ പതിനേഴാം തീയതി പെണ്‍കുട്ടിയോട് സംസാരിച്ചതിനായിരുന്നു വിനായകനെ പാവറട്ടി പൊലീസ് കസ്റ്റഡിയിലെടുത്തത്. വിനായകന്റെ നീണ്ട മുടിയായിരുന്നു പൊലീസിനെ പ്രകോപിപ്പിച്ചത്. തുടര്‍ന്ന് കസ്റ്റഡിയില്‍ ക്രൂരമര്‍ദ്ദനത്തിനിരയായ വിനായകനെ തൊട്ടടുത്ത ദിവസം വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയിലാണ് കാണുന്നത്. മര്‍ദ്ദിച്ചതിനും ഭീഷണിപ്പെടുത്തിയതിനും പൊലീസുകാര്‍ക്കെതിരെ ആത്മഹത്യാ പ്രേരണയ്ക്ക് കേസെടുക്കണമെന്ന് നേരത്തെ ആവശ്യമുയര്‍ന്നിരുന്നെങ്കിലും പൊലീസ് കേസെടുത്തിരുന്നില്ല. വിനായകന്റെ പിതാവ് കൃഷ്ണന്‍കുട്ടിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് ഇപ്പോള്‍ സസ്‌പെന്‍ഷനിലുളള രണ്ട് പൊലീസുകാര്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്. പാവറട്ടി പൊലീസ് സ്റ്റേഷനിലെ സീനിയര്‍ സിപിഒ സാജന്‍, സിപിഒ ശ്രീജിത്ത് എന്നിവര്‍ക്കെതിരെ പട്ടികജാതിക്കാര്‍ക്കെതിരായ അതിക്രമവും ശാരീരിക ഉപദ്രവവും ചുമത്തിയാണ് കേസ്. ഇവര്‍ ക്രൂരമായി മര്‍ദ്ദിച്ചിരുന്നതായി വിനായകനൊപ്പം മര്‍ദ്ദനമേറ്റ ശരത്ത് നേരത്തെ മൊഴി നല്‍കിയിരുന്നു.