മുംബൈയില്‍ നിന്ന് പിടികൂടിയ പ്രതി വിരാജുവിനെ പുലര്‍ച്ചെയാണ് പുതുക്കാട് പോലീസ് സ്റ്റേഷനില്‍ എത്തിച്ചത്.

തൃശൂര്‍: ചെങ്ങാലൂരില്‍ ഭാര്യയെ പെട്രോളൊഴിച്ച് കൊന്ന കേസിലെ പ്രതി വിരാജുവിനെ ഇരിങ്ങാലകുട മജിസ്‌ട്രേറ്റ് കോടതി 14 ദിവസത്തക്ക് റിമാന്‍് ചെയ്തു. കുടുംബപ്രശ്‌നങ്ങളും തുടര്‍ന്നുണ്ടായ വൈരാഗ്യവുമാണ് ഭാര്യയെ തീകൊളുത്തി കൊല്ലാന്‍ പ്രേരിപ്പിച്ചതെന്ന് പ്രതി ചോദ്യം ചെയ്യലില്‍ വ്യക്തമാക്കി. പ്രതിയ്ക്കായുളള പോലീസിന്റെ കസ്റ്റഡി അപേക്ഷ കോടതി തിങ്കളാഴ്ച പരിഗണിക്കും.

മുംബൈയില്‍ നിന്ന് പിടികൂടിയ പ്രതി വിരാജുവിനെ പുലര്‍ച്ചെയാണ് പുതുക്കാട് പോലീസ് സ്റ്റേഷനില്‍ എത്തിച്ചത്. ചോദ്യം ചെയ്യലിനോട് പ്രതി തുടക്കത്തില്‍ സഹകരിച്ചില്ല. ഏറെനാള്‍ ഭാര്യ ജീതുവുമായി മാനസിക അകല്‍ച്ചയിലായിരുന്നുവെന്ന് പ്രതി പിന്നീട് സമ്മതിച്ചു. ഭാര്യയ്ക്ക് മറ്റൊരാളുമായുളള ബന്ധത്തിന്റെ പേരില്‍ നിരന്തരം വഴക്ക് ഉണ്ടായിരുന്നു. ഇത് മൂലമുളള വിരോധം കൊണ്ടാണ് ഭാര്യയെ കൊല്ലാന്‍ പദ്ധതിയിട്ടത്. 

കുടുംബശ്രീ യോഗത്തിന് ജീതു എത്തുന്നുണ്ടെന്ന് മുന്‍കൂട്ടി അറിഞ്ഞാണ് ചെങ്ങാലൂരില്‍ എത്തിയത്. കൈയ്യില്‍ മൂന്ന് കുപ്പികളിലായി പെട്രോള്‍ കരുതിയിരുന്നു. ജീതു പുറത്തിറങ്ങി വന്നതും പെട്രോള്‍ ഒഴിച്ച് തീ കൊളുത്താനായിരുന്നു പദ്ധതി. അപ്പോഴേക്കും ജീതുവിന്റെ അച്ഛന്‍ തടഞ്ഞു. അച്ഛനെ തള്ളിമാറ്റി തീ കത്തിച്ച് ഓടി രക്ഷപ്പെടുകയായിരുന്നുവെന്ന് പ്രതി വ്യക്തമാക്കി. പ്രതിയെ 5 മണിയോടെയാണ് കോടതിയില്‍ ഹാജരാക്കിയത്. 

സംഭവത്തില്‍ കൂട്ടുപ്രതികള്‍ ഉണ്ടോ എന്നതും പ്രതിയെ രക്ഷപ്പെടാന്‍ ആരെങ്കിലും സഹായിച്ചിട്ടുണ്ടോ എന്നും പോലീസ് അന്വേഷിക്കുന്നുണ്ട്. കസ്റ്റഡിയില്‍ വാങ്ങിയ ശേഷം കൂടുതല്‍ ചോദ്യം ചെയ്യും. കഴിഞ്ഞ ഞായറാഴ്ചയാണ് വിരാജു ഭാര്യ ജീതുവിനെ പെട്രോള്‍ ഒഴിച്ച് കത്തിച്ചത്.