കോടതിയ്ക്ക് മുമ്പാകെ അഭിഭാഷകരുടെ സാന്നിധ്യത്തിൽ ദ്യശ്യങ്ങൾ കാണാമെന്ന് കോടതി പറഞ്ഞു.

എറണാകുളം: കൊച്ചിയിൽ നടിയെ ആക്രമിച്ച് പകർത്തിയ ദൃശ്യങ്ങൾ കാണാൻ ഒന്നാം പ്രതി സുനിൽ കുമാറിന് കോടതി അനുമതി. വിചാരണയ്ക്ക് വനിത ജഡ്ജിവേണമെന്ന നടിയുടെ ആവശ്യത്തിലും അഭിഭാഷകരായ രാജു ജോസഫ്, പ്രതീഷ് ചാക്കോ എന്നിവരുടെ വിടുതൽ ഹ‍ർജിയിലും അടുത്തമാസം പതിനെട്ടിന് എറണാകുളം സെഷൻസ് കോടതി വിധി പറയും.

നടിയെ ആക്രമിച്ച് പ്രതികൾ പകർത്തിയ ദൃശ്യങ്ങളാണ് കേസിൽ പ്രധാന തെളിവായി പ്രോസിക്യൂഷൻ കോടയിൽ ഹാജരാക്കിയത്. എന്നാല്‍ ഈ ദൃശ്യങ്ങൾ ഒന്നാം പ്രതി സുനിൽ കുമാർ പകർത്തിയത് തന്നെയാണോ എന്ന് ഉറപ്പില്ലെന്നാണ് പ്രതിഭാഗം അഭിഭാഷകന്‍റെ വാദം. ശിക്ഷ ലഭിച്ച് ദൃശ്യങ്ങൾ കണ്ടിട്ട് കാര്യമില്ലന്നും അതിനാൽ വിചാരണയ്ക്ക മുൻപ് അവസരം നൽകണമെന്നും സുനിൽ കുമാർ വാദിച്ചു. 

ഈ ആവശ്യം അംഗീകരിച്ച സെഷൻസ് കോടതി കോടതിയുടെയും അഭിഭാഷകന്‍റെയും സാന്നിധ്യത്തിൽ ദൃശ്യം കാണാൻ ഒന്നാം പ്രതിയ്ക്ക് അനുവാദം നൽകി. കേസിൽ വനിത ജഡ്ജിയുടെ നേതൃത്വത്തിൽ രഹസ്യ വിചാരണ വേണമെന്നായിരുന്നു നടിയുടെ ആവശ്യം. രഹസ്യ വിചാരണ ആവശ്യം പ്രോസിക്യൂട്ടർ വഴി ഉന്നയിക്കണമെന്ന് നിർദ്ദേശിച്ച കോടതി സ്പെഷ്യൽ പ്രോസിക്യൂട്ടറെ സഹായിക്കാൻ അഭിഭാഷകനെ നിർത്താൻ അനുവാദം നൽകിയിട്ടുണ്ട്. 

കേസിലെ 11, 12 പ്രതികളും അഭിഭാഷകരുമായ പ്രതീഷ് ചാക്കോ , രാജു ജോസഫ് എന്നിവർ നൽകിയ വിടുതൽ ഹ‍ജിയിലും വാദം പൂർത്തിയായി. അഭിഭാഷകരെന്ന നിലയിൽ പ്രതികൾക്ക് നിയമ സഹായം നൽകുക മാത്രമാണ് തങ്ങൾ ചെയ്തതെന്നാണ് ഇരുവരുടെയും വാദം. എന്നാല്‍ പ്രതികളെ നിയമപരമായി സഹായിക്കുക മാത്രമല്ല ഒളിവിൽ കഴിയാനും തെലിവ് നശിപ്പിക്കാനും അഭിഭാഷകർ സഹായിച്ചെന്ന് പ്രോസിക്യൂഷൻ വാദിച്ചു. കേസിൽ അടുത്തമാസം 18ന് എറാണാകുളം സെഷൻസ് കോടതി വിധി പറയും. 

2017 ഫെബ്രുവരിയിലാണ് നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ചത്. ഒരു സിനിമയുടെ ഡബ്ബിങ്ങിനിടെ കൊച്ചിയിലേക്ക് വരുന്നവഴിയായിരുന്നു നടി ആക്രമിക്കപ്പെട്ടത്. നടിയുടെ മുന്‍ ഡ്രൈവറായിരുന്ന പള്‍സ‍ര്‍ സുനിയുടെ നേതൃത്വത്തില്‍ ഒടുന്ന വാഹനത്തില്‍ നടിയെ ലൈംഗീകമായി അപമാനിക്കാനും ആ ദൃശ്യങ്ങള്‍ പകര്‍ത്താനുമായിരുന്നു പ്രതികള്‍ ശ്രമിച്ചത്. ഇതിന് ശേഷം നടിയേ കാക്കനാട് ഭാഗത്ത് ഇറക്കിവിടുകയായിരുന്നു. നടന്‍ ദീലീപാണ് നടിയെ ആക്രമിക്കാന്‍ പള്‍സര്‍ സുനിക്ക് കൊട്ടേഷന്‍ കൊടുത്തതെന്ന് പ്രോസിക്യൂഷന്‍ ആരോപിച്ചിരുന്നു.