ആലപ്പുഴ: കായംകുളം വെള്ളാപ്പള്ളി നടേശന്‍ എഞ്ചിനിയറിങ് കോളേജില്‍ വിദ്യാര്‍ത്ഥി ആത്മഹത്യക്ക് ശ്രിമിച്ച സംഭവത്തില്‍ ബി.ഡി.ജെ.എസ് നേതാവ് സുഭാഷ് വാസുവിനെതിരെ പൊലീസ് കേസെടുത്തു. പ്രിന്‍സിപ്പല്‍ ഗണേശിനെ ഒന്നാം പ്രതിയാക്കിയും കോളേജ് ചെയര്‍മാന്‍ കൂടിയായ സുഭാഷ് വാസുവിനെ രണ്ടാം പ്രതിയാക്കിയുമാണ് പൊലീസ് കേസെടുത്തത്. ആത്മഹത്യാ പ്രേരണാ കുറ്റത്തിനും ഭീഷണിപ്പെടുത്തിയതിനുമാണ് കേസെടുത്തിരിക്കുന്നത്.
ഇന്നലെ രാത്രിയിലാണ് രണ്ടാംവര്‍ഷ എന്‍ജിനീയറിങ് വിദ്യാര്‍ഥി എഞ്ചിനിയറിംഗ് കോളജിന്റെ ഹോസ്റ്റലില്‍ കൈയിലെ ഞരമ്പ് മുറിച്ച് ആത്മഹത്യക്ക് ശ്രമിച്ചത്. രക്തം വാര്‍ന്നുതുടങ്ങിയപ്പോള്‍ തൂങ്ങിമരിക്കാനും ശ്രമംനടത്തിയിരുന്നു. ഇത് സഹപാഠികള്‍ കണ്ടതിനാല്‍ ദുരന്തം ഒഴിവായി. ഉടന്‍തന്നെ കായംകുളത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചു. വിദ്യാര്‍ഥി അപകടനില തരണം ചെയ്തിട്ടുണ്ട്. ഭക്ഷണം കഴിക്കാന്‍ പുറത്തെ ഹോട്ടലില്‍ പോയതിന് വിദ്യാര്‍ഥികളോട് കഴിഞ്ഞ ദിവസം പ്രിന്‍സിപ്പല്‍ വിശദീകരണം ചോദിച്ചിരുന്നു. മാത്രമല്ല മാനേജ്മെന്റും അധ്യാപകരും നിരന്തരം പീഡിപ്പിച്ചിരുന്നതായും വിദ്യാര്‍ത്ഥികള്‍ ആരോപിക്കുന്നു . ഇതാണ് ആത്മഹത്യാ ശ്രമത്തിന് കാരണം. സംഭവത്തെ തുടര്‍ന്ന് സുഭാഷ് വാസുവിന്റെ വീട്ടിലേക്ക് കെ.എസ്.യു പ്രവര്‍ത്തകര്‍ മാര്‍ച്ച് നടത്തി. ഡി.വൈ.എഫ്.ഐ-എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ കോളേജിലേക്ക് നടത്തിയ മാര്‍ച്ചും അക്രമാസക്തമായി. പ്രവര്‍ത്തകര്‍ കോളേജ് അടിച്ച് തകര്‍ത്തു. കോളജിലേക്ക് മാര്‍ച്ച് നടത്തിയ എ.ബി.വി.പി പ്രവര്‍ത്തകര്‍ റോഡ് ഉപരോധിച്ചു.
