ശബരിമലയിലെ യുവതീപ്രവേശന വിഷയത്തില്‍ മുഖ്യമന്ത്രി അടക്കമുള്ളവര്‍ക്കെതിരെ അസഭ്യപ്രസംഗം നടത്തിയ ബിജെപി നേതാവിനെതിരെ പൊലീസ് കേസെടുത്തു. ഐഷാ പോറ്റി എംഎല്‍എയുടെ പരാതിയെ തുടര്‍ന്നാണ് കേസെടുത്തത്. 

കൊല്ലം: ശബരിമലയിലെ യുവതീപ്രവേശന വിഷയത്തില്‍ മുഖ്യമന്ത്രി അടക്കമുള്ളവര്‍ക്കെതിരെ അസഭ്യപ്രസംഗം നടത്തിയ ബിജെപി നേതാവിനെതിരെ പൊലീസ് കേസെടുത്തു. ഐഷാ പോറ്റി എംഎല്‍എയുടെ പരാതിയെ തുടര്‍ന്നാണ് കേസെടുത്തത്. ബിജെപി കൊല്ലം ജില്ലാ സെക്രട്ടറി വയക്കല്‍ സോമന്‍ എന്നയാൾക്കെതിരെയാണ് കേസെടുത്തത്.

ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തിയാണ് ഇയാള്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്. നവംബര്‍ 18 ന് ഇയാള്‍ കൊട്ടാരക്കരയില്‍ നടത്തിയ പ്രസംഗത്തിനെതിരെയാണ് ഐഷാ പോറ്റി എംഎല്‍എ പരാതി നല്‍കിയിരുന്നത്. പ്രസംഗത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍, എംഎല്‍എമാരായ ഐഷാ പോറ്റി, കെ.ബി.ഗണേഷ്‌കുമാര്‍, പ്രതിഭാഹരി, വീണാജോര്‍ജ്, മുന്‍മന്ത്രി ആര്‍.ബാലകൃഷ്ണപിള്ള തുടങ്ങിയവരെ അപമാനിച്ചുവെന്നായിരുന്നു പരാതി.

ഇയായാള്‍ക്കെതിരെ കൊട്ടാരക്കര പൊലീസ് രജിസ്റ്റര്‍ ചെയ്ത 2531/18 നമ്പര്‍ കേസില്‍ ഇന്ത്യന്‍ ശിക്ഷാനിയമം 143, 145, 147, 149, 283 എന്നീ വകുപ്പുകള്‍ ചുമത്തിയിട്ടുണ്ട്. ഐഷാ പോറ്റി എംഎല്‍എയുടെ പരാതിയിലെടുത്ത 2548/18 നമ്പര്‍ കേസില്‍ 354, 509, 298 ബി വകുപ്പുകളും ചുമത്തി. നിയമവിരുദ്ധമായ സംഘം ചേരല്‍, കലാപം സംഘടിപ്പിക്കല്‍, സ്ത്രീത്വത്തെ അപമാനിക്കല്‍, അശ്ലീലപദപ്രയോഗങ്ങളും ആംഗ്യവിക്ഷേപവും നടത്തുക, മതവികാരം വ്രണപ്പെടുത്തല്‍ തുടങ്ങിയവയാണ് ഈ വകുപ്പുകളുടെ പരിധിയില്‍ വരുന്നത്. ഇയാള്‍ക്കെതിരെ കേരള കോണ്‍ഗ്രസ്(ബി) കൊല്ലം ജില്ലാ പ്രസിഡന്റ് ഷാജു കൊല്ലം റൂറല്‍ എസ്.പിക്കും പരാതി നല്‍കിയിട്ടുണ്ട്.