തിരുവനന്തപുരം:  പോലീസ് ഡ്രൈവറെ മര്‍ദ്ദിച്ച സംഭവത്തില്‍ ബറ്റാലിയന്‍ എഡിജിപി സുദേവ് കുമാറിന്റെ മകള്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തു. മ്യൂസിയം പോലീസാണ് കേസെടുത്തത്. പെണ്‍കുട്ടിയുടെ പരാതിയില്‍ സ്ത്രീത്വത്തെ അപമാനിച്ചുവെന്ന കുറ്റത്തിന് പോലീസ് ഡ്രൈവര്‍ ഗവാസ്‌കര്‍ക്കെതിരെയും കേസെടുക്കും എന്നാണ് സൂചന.

പോലീസ് ഉദ്യോഗസ്ഥന്റെ ഔദ്യോഗിക കൃത്യനിര്‍വഹണം തടസ്സപ്പെടുത്തുക, ചീത്തവിളിക്കുക, മര്‍ദ്ദിക്കുക എന്നീ വകുപ്പുകള്‍ ചുമത്തിയാണ് എഡിജിപിയുടെ മകള്‍ സ്‌ന്ഗിദ്ധ കുമാറിനെതിരെ കേസെടുത്തത്. 

വ്യാഴാഴ്ച്ച രാവിലെ എട്ടരയോടെ തിരുവനന്തപുരം കനക്കകുന്നില്‍ വച്ചാണ് എഡിജിപിയുടെ മകള്‍ ഡ്രൈവറെ മര്‍ദ്ദിച്ചത്. മര്‍ദ്ദനമേറ്റ പോലീസ് ഡ്രൈവര്‍ ഗവാസകര്‍ പിന്നീട് പേരൂര്‍ക്കട താലൂക്കാശുപത്രിയില്‍ ചികിത്സ തേടിയിരുന്നു. വൈകുന്നേരത്തോടെ ഇയാളെ മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. 

സംഭവം വാര്‍ത്തയായതിന് പിന്നാലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടിയ എഡിജിപിയുടെ മകള്‍ പിന്നീട് ഡ്രൈവര്‍ക്കെതിരെ പരാതി കൊടുത്തു. ഇവരുടെ മൊഴി വനിതാ പോലീസ് ഇപ്പോള്‍ രേഖപ്പെടുത്തി കൊണ്ടിരിക്കുകയാണ്. പെണ്‍കുട്ടിയുടെ പരാതിയില്‍ സ്ത്രീത്വത്തെ അപമാനിച്ചുവെന്നടക്കമുള്ള വകുപ്പുകള്‍ ചേര്‍ത്ത് ഗവാസ്‌കര്‍ക്കെതിരെ കേസെടുക്കും എന്നാണ് സൂചന. 

രാവിലെ നടന്ന സംഭവം എങ്ങനെയും ഒത്തുതീര്‍പ്പാക്കാന്‍ ഉന്നതപോലീസുദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ തിരക്കിട്ട ചര്‍ച്ചകളാണ് വ്യാഴാഴ്ച്ച മുഴുവന്‍ തലസ്ഥാനത്ത് നടന്നത്. എന്നാല്‍ പ്രശ്‌നത്തില്‍ ഇടപെട്ട പോലീസ് അസോസിയേഷന്‍ ഭാരവാഹികള്‍ കടുത്ത നിലപാട് സ്വീകരിച്ചതോടെ ഒത്തുതീര്‍പ്പ് നീക്കങ്ങള്‍ പരാജയപ്പെടുകയായിരുന്നു. 

ഉന്നതഉദ്യോഗസ്ഥരുടെ സഹായികളായി പ്രവര്‍ത്തിക്കുന്ന ക്യാംപ് ഓഫീസര്‍മാര്‍ കടുത്ത പീഡനത്തിനിരയാവുന്നതായി നേരത്തെ തന്നെ ആരോപണം ഉയര്‍ന്നിരുന്നു. ഇതിനെതിരെ ശക്തമായ വികാരം പോലീസ് സേനയ്ക്കുള്ളില്‍ നിലനില്‍ക്കുന്നുണ്ട്. ഇതാണ് സംഭവത്തില്‍ കടുത്ത നിലപാട് സ്വീകരിക്കാന്‍ പോലീസ് അസോസിയേഷനെ പ്രേരിപ്പിച്ചത്. ഡ്രൈവര്‍ക്ക് മര്‍ദ്ദനമേറ്റ സംഭവത്തില്‍ മുഖ്യമന്ത്രിയെ നേരില്‍ കണ്ട് പരാതി അറിയിക്കാന്‍ പോലീസ് അസോസിയേഷന്‍ ഭാരവാഹികള്‍ തീരുമാനിച്ചതിന് പിന്നാലെയാണ് ഇപ്പോള്‍ കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.