സൈബർ ആക്രമണത്തിന് തുടക്കമിട്ട വയനാട് സ്വദേശി ഉൾപ്പടെയുള്ളവർക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം പൊലീസ് കേസെടുത്തു

കൊച്ചി: മത്സ്യവിൽപന നടത്തി ജീവിക്കുന്ന വിദ്യാർത്ഥിനി ഹനാനെതിരെ സൈബർ ആക്രമണം നടത്തിയവർക്കെതിരെ പൊലീസ് കേസെടുത്തു. സൈബർ ആക്രമണത്തിന് തുടക്കമിട്ട വയനാട് സ്വദേശി ഉൾപ്പടെയുള്ളവർക്കെതിരെയാണ് ജാമ്യമില്ലാ വകുപ്പ് പ്രകാരം പൊലീസ് കേസെടുത്തത്. ഹനാന് പിന്തുണ അറിയിച്ച മുഖ്യമന്ത്രിയുടെ നിർദ്ദേശ പ്രകാരമായിരുന്നു പൊലീസ് നടപടി.

കൊച്ചിയിൽ മീൻവില്പന നടത്തിയിരുന്ന തൃശൂർ സ്വദേശിയായേ ഹനാനെതിരെ വ്യാപകമായ സൈബർ ആക്രമണമാണ് കഴിഞ്ഞ ദിവസങ്ങളിൽ നടന്നിരുന്നത്. സാമ്പത്തിക പ്രതിസന്ധി കാരണം കോളേജ് വിദ്യാർത്ഥിയായ ഹനാൻ മീൻവില്പനക്കിറങ്ങിയത് മാധ്യമങ്ങളിൽ വാർത്തയായിരുന്നു. ഇതിനെ തുടർന്നാണ് ഹനാന്‍റെ ജീവിത പശ്ചാത്തലത്തെ ബന്ധിപ്പിച്ച് സമൂഹമാധ്യമങ്ങളിലൂടെ വ്യക്തിഹത്യ നടന്നത്. 

ഹനാന്‍റെ അവസ്ഥ മാധ്യമങ്ങളിലൂടെ അറിഞ്ഞ മുഖ്യമന്ത്രി വിഷയത്തിൽ ഇടപെട്ടു. കേരളം മുഴുവൻ ഹനാനെ പിന്തുണക്കണമെന്നും പൊലീസിനോട് അന്വേഷണം നടത്തണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു. ആവശ്യമായ സംരക്ഷണം നൽകാൻ എറണാകുളം ജില്ലാ കളക്ടറോടും നിർദ്ദേശിച്ചു. ഇതേതുടർ‌ന്ന് ഉച്ചയോടെ ​ഹനാനിൽ നിന്ന് പാലാരിവട്ടം പൊലീസ് മൊഴിയെടുത്തു. 

ഹനാന്റെ പരാതിയിൽ അപകീർത്തി പോസ്റ്റിട്ടവർക്കെതിരെയും,ഈ പോസ്റ്റുകൾ പ്രചരിപ്പിച്ചവർക്കെതിരെയും കേസെടുക്കാനാണ് നീക്കം. അപകീർത്തി പോസ്റ്റുകൾക്ക് തുടക്കമിട്ട വയനാട് സ്വദേശി നൂറുദീൻ ഉൾപ്പടെ നിരവധി പേർക്കെതിരെ ഐടി ആക്ട് ചുമത്തി പൊലീസ് കേസെടുത്തിട്ടുണ്ട്. മറ്റുള്ളവരുടെ ഫെയ്സ്ബുക്ക് ഐഡികൾ സൈബർ സെല്ലിന്‍റെ സഹായത്തോടെ കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്.

ഐടി ആക്ട് ചുമത്തിയ സാഹചര്യത്തിൽ അന്വേഷണസംഘവും വരും ദിവസങ്ങളിൽ വിപുലീകരിക്കും. ഇതിനിടെ ഹനാന്നെതിരായ സൈബർ ആക്രമണത്തിൽ ദേശീയ ന്യൂനപക്ഷ കമ്മീഷൻ ഡിജിപിയോടും ജില്ലാ കളക്ടറോടും എസ് പിയോടും റിപ്പോർട്ട് ആവശ്യപ്പെട്ടു.7 ദിവസത്തിനകം റിപ്പോർട് നല്കാനാണ് നിർദ്ദേശം.ശാരീരിക ബുദ്ധിമുട്ടുകളെ തുടർന്ന് കോതമംഗലത്തെ ആശുപത്രിയിൽ ചികിത്സയിലാണ് ഹനാനിപ്പോോൾ .കൊച്ചി നഗരസഭ അനുവദിച്ച കിയോസ്കമായി തമ്മനത്ത് തന്നെ മീൻവില്പന തുടരാനാണ് ആഗ്രഹമെന്ന് ഹനാൻ അറിയിച്ചു.