ദില്ലി: മീ ടു ആരോപണം നേരിട്ട മലയാളി സോഫ്റ്റ് വെയര്‍ എന്‍ജിനീയര്‍ ജീവനൊടുക്കിയ കേസിൽ ആരോപണം ഉന്നയിച്ച സ്ത്രീകള്‍ക്കെതിരെ ആത്മഹത്യ പ്രേരണയക്ക് യുപി പൊലീസ് കേസെടുത്തു. ജാൻപാക്റ്റ് അസിസ്റ്റൻറ് വൈസ് പ്രസിഡന്‍റ്  സ്വരൂപ് രാജ് ജീവനൊടുക്കിയ കേസിലാണ് നടപടി.

എറണാകുളം സ്വദേശിയായ സ്വരൂപിനെ കഴിഞ്ഞ ദിവസം നോയിഡയിലെ വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. സ്വരൂപിനെതിരെ കമ്പനിയിലെ രണ്ടു സഹപ്രവര്‍ത്തകരാണ് മീ ടു ആരോപണം ഉന്നയിച്ചത്. തൊട്ടു പിന്നാലെ കമ്പനി സ്വരൂപിനെ അന്വേഷണ വിധേയമായി സസ്പെന്‍റ് ചെയ്തു.

ഇതിൽ മനം നൊന്താണ് ആത്മഹത്യ ചെയ്തത്. എന്നാൽ, ഭര്‍ത്താവിനെതിരെയുണ്ടായ ആരോപണം കെട്ടിച്ചമച്ചതാണെന്ന് സ്വരൂപിന്‍റെ ഭാര്യ കൃതി പൊലീസിൽ പരാതിപ്പെട്ടു. ഈ പരാതി കണക്കിലെടുത്താണ് മീ ടു ആരോപണം ഉന്നയിച്ചവര്‍ക്കെതിരെ ആത്മഹത്യ പ്രേരണയ്ക്ക് കേസെടുത്തത്.

കമ്പനിയിലെ ആഭ്യന്തര അന്വേഷണ സമിതി അംഗങ്ങള്‍ക്കെതിരെയും കേസെടുത്തിട്ടുണ്ട്. അതേസമയം, തങ്ങൾക്ക് ലഭിച്ച പരാതിയിൽ ഗുരുതര ആരോപണങ്ങളുണ്ടായിരുന്നെന്നാണ് ജാൻപാക്റ്റ് കമ്പനിയുടെ വിശദീകരണം.