Asianet News MalayalamAsianet News Malayalam

ഏഷ്യാനെറ്റ് ന്യൂസ് സംഘത്തെ ആക്രമിച്ച സംഭവം; എസ് ഐ വിമോദിനെതിരായ നടപടികള്‍ക്ക് സ്റ്റേ

Cases against S I Vimod stayed by high court
Author
First Published Aug 5, 2016, 11:56 AM IST

കൊച്ചി: കോഴിക്കോട് ഏഷ്യാനെറ്റ് ന്യൂസ് സംഘത്തെ ആക്രമിച്ച സംഭവത്തിൽ  ടൗണ്‍ എസ് ഐ വിമോദിനെതിരായ കേസുകളിലെ തുടർ നടപടി ഹൈക്കോടതി താൽക്കാലികമായി സ്റ്റേ ചെയ്തു. സസ്പെൻഷനിലായ എസ് ഐ വിമോദ് നൽകിയ ഹര്‍ജിയിലാണ് നടപടി. എന്നാൽ മാധ്യമപ്രവർത്തകരും – അഭിഭാഷകരും തമ്മിലുളള തർക്കത്തിൽ ആരെങ്കിലും മുതലെടുക്കാൻ ശ്രമിക്കുന്നുണ്ടോയെന്ന സംശവവും കോടതി പ്രകടിപ്പിച്ചു.

കോഴിക്കോട് ജില്ലാ കോടതി വളപ്പിൽ ഏഷ്യാനെറ്റ് ന്യൂസ് സംഘത്തെ കൈയ്യേറ്റം ചെയ്ത സംഭവത്തിൽ എസ് ഐ വിമോദിനെതിരെ രണ്ട് കേസുകളാണ്  പൊലീസ് രജിസ്റ്റർ ചെയ്തിരുന്നത് . എസ് ഐയുടെ ഭാഗത്ത് വീഴ്ച പറ്റിയെന്നും  മാപ്പു ചോദിക്കുന്നതായും ഡിജിപി തന്നെ പരസ്യമായി പറഞ്ഞിരുന്നു. എന്നാൽ തന്‍റെ ഭാഗത്ത് വീഴ്ച പറ്റിയിട്ടില്ലെന്നും ബാഹ്യ സമ്മർദ്ദത്തത്തുടർന്നാണ് കേസെടുത്തതെന്നുമാണ്  എസ് ഐ വിമോദ് ഹൈക്കോടതിയിൽ സമ‍പ്പിച്ച ഹർജിയിലുളളത്.  അതിനാൽ എഫ് ഐ  ആർ റദ്ദ് ചെയ്യണമെന്നായിരുന്നു ആവശ്യം. ഇക്കാര്യത്തിൽ പരാതിക്കാരനായ മാധ്യമപ്രവർത്തകരുടെ  വാദം കൂടി കേൾക്കേണ്ടതുണ്ടെന്നും ജസ്റ്റ്സീ കെമാൽ പാഷ വ്യക്തമാക്കി.

ഏഷ്യാനെറ്റ് ന്യൂസ് കോഴിക്കോട് ബ്യൂറോ ചിഫ് ബിനുരാജടക്കമുളള എതിർ കക്ഷികൾക്ക് നോട്ടീസ് അയക്കാൻ നിർദേശിച്ചാണ് ഹർജി പതിനാറാം തീയ്യതിയിലേക്ക് മാറ്റിയത്. അതുവരെ അന്വേഷണത്തിലെ തുടർ നടപടികൾ പാടില്ല.  എസ് ഐ വിമോദിനായി ഹൈക്കോടതിയിലെ നൂറിൽപ്പരം അഭിഭാഷകർ ഒപ്പിട്ട ഹ‍‍ര്‍ജിയാണ് സമർപ്പിച്ചിരുന്നത്. എന്നാൽ മാധ്യമ പ്രവർത്തകരും അഭിഭാഷകരും തമ്മിലുളള തർക്കത്തിന് പരിഹാരമുണ്ടാകണമെന്നും  മുറിവൊക്കെ വേഗം ഉണങ്ങണമെന്നും ജസ്റ്റീസ് കെമാൽ പാഷ പരാമർശിച്ചു. ഇരൂകൂട്ടരും തമ്മിലുളള പ്രശ്നത്തിൽ ഇടയ്ക്കുനിന്ന്  മുതലെടുക്കാൻ ആട്ടിൻ തോലിട്ട ചെന്നായ്ക്കൾ ഇറങ്ങിയിട്ടുണ്ടോയെന്ന സംശയവും കോടതി പ്രകടിപ്പിച്ചു.

 

Follow Us:
Download App:
  • android
  • ios