കാസര്‍കോട്: കണിക്കൊന്നെയ്ക്കും ഇനി അപരന്‍. കൊറിയന്‍ കൊന്നപൂവ് ഇനി കേരളമണ്ണിലും. പടന്നക്കാട് കാര്‍ഷിക കോളേജിലാണ് കൊറിയന്‍ കൊന്ന വിരിഞ്ഞത്. കാസിയ ഫിസ്തുല എന്ന ശാസ്ത്രീയ നാമത്തില്‍ അറിയപ്പെടുന്ന കൊന്നമരത്തില്‍ നിത്യവും നിറയെ പൂക്കളാണ്. കണ്ണിന് കുളിരായി മൂന്നാം വര്‍ഷം പൂത്തുലഞ്ഞ് നില്‍ക്കുകയാണ് കൊറിയന്‍ കൊന്നപ്പൂവ്.
കാര്‍ഷിക കോളേജിലെ ഫാം സൂപ്രണ്ട് ചെറുവത്തൂര്‍ സ്വദേശി പി.വി.സുരേന്ദ്രനാണ് കൊറിയന്‍ കൊന്നയുടെ പരിപാലകന്‍. മൂന്ന് വര്‍ഷം മുന്‍പ് വയനാട് അമ്പലവയല്‍ പുഷ്‌പോത്സവത്തില്‍ നിന്നാണ് സുരേന്ദ്രന്‍ കൊറിയന്‍ കൊന്നയുടെ വിത്ത് സംഘടിപ്പിച്ചത്. വിത്ത് പടന്നക്കാട് കാര്‍ഷിക കോളേജിലെ തന്റെ ഓഫിസിന് മുന്നില്‍ തന്നെ പാകി മുളപ്പിച്ചു. മൂന്നാം വര്‍ഷം തന്നെ പൂവിട്ടു. മേടമാസത്തിലെ വിഷു പുലരിയില്‍ കണിയൊരുക്കാന്‍ ചക്കയും മാങ്ങയും വെള്ളരിയും പാകമായി വരുന്നതിനിടയിലാണ് കാണുന്നവര്‍ക്ക് കൗതുകം പകര്‍ന്ന് കുഞ്ഞന്‍ കൊന്നമരങ്ങള്‍ പൂവിട്ട് നില്‍ക്കുന്നത്.
കണിക്കൊന്ന പോലെ കുലകളായാണ് പൂക്കള്‍. നല്ല സുഗന്ധവും ഉണ്ട്. കൊറിയന്‍ കൊന്നമരമായാലും ഇലകളും പൂക്കളും കണിക്കൊന്നയോട് ഏറെ സാദൃശ്യമുണ്ട്. കണി്‌ക്കൊന്നയേക്കാള്‍ പൂവിന് അല്‍പ്പം കട്ടിയുണ്ട്. കണിക്കൊന്ന പോലെ ഉയരത്തില്‍ വളരാത്ത മരമാണിത്. ഒന്നര അടി പൊക്കത്തില്‍ വളര്‍ന്നു നില്‍ക്കുന്ന മരം നിറയെ പൂക്കളാണ്. ഇത്തരത്തിലുള്ള മൂന്ന് കൊന്ന മരങ്ങളാണ് പടന്നക്കാടുള്ളത്. സാധാരണ കണിക്കൊന്ന പോലെ കൊറിയന്‍ കൊന്നയും കേരളമണ്ണില്‍ വേര് പിടിപ്പിക്കാനാകുമെന്ന് സുരേന്ദ്രന്‍ പറഞ്ഞു. അടുത്തവര്‍ഷം മുതല്‍ ഇതിന്റെ വിത്തും തൈകളും വിതരണം ചെയ്യുമെന്നും പടന്നക്കാട് കാര്‍ഷിക കോളേജിലെ ഫാം സൂപ്രണ്ട് പി.വി.സുരേന്ദ്രന്‍ പറഞ്ഞു.
