പട്ടികജാതി-പട്ടികവർഗ (അതിക്രമങ്ങൾ തടയൽ) നിയമത്തിലെ പാർലമെന്റിന്റെ ഭേദഗതിക്കെതിരെ മധ്യപ്രദേശിലെ ചില മേൽജാതി സംഘടനകൾ നടത്തുന്ന പ്രക്ഷോഭത്തെക്കുറിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.
ഭോപ്പാൽ: ജാതി അടിസ്ഥാനമാക്കിയുള്ള സംവരണം റദ്ദാക്കാൻ കഴിയില്ലെന്ന് കേന്ദ്ര മന്ത്രി ഉമാ ഭാരതി. പട്ടികജാതി-പട്ടികവർഗ (അതിക്രമങ്ങൾ തടയൽ) നിയമത്തിലെ പാർലമെന്റിന്റെ ഭേദഗതിക്കെതിരെ മധ്യപ്രദേശിലെ ചില മേൽജാതി സംഘടനകൾ നടത്തുന്ന പ്രക്ഷോഭത്തെക്കുറിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.
പട്ടികജാതി-പട്ടികവർഗ നിയമ പ്രകാരം അടിയന്തിര അറസ്റ്റുണ്ടാകണമെന്ന വ്യവസ്ഥ പുനഃസ്ഥാപിക്കുന്നതാണ് പുതിയ ഭേദഗതി. ഇതിന് പിന്നാലെ സുപ്രീംകോടതി നിയമത്തിൽ ചില സുരക്ഷാ സംവിധാനങ്ങൾ ഉൾപ്പെടുത്തുകയും ചെയ്തു. ഇതിനെതിരേയാണ് മധ്യപ്രദേശിലെ മേൽജാതി സംഘടനകൾ പ്രതിഷേധവുമായി രംഗത്തെത്തിയത്. ഭേദഗതി പട്ടികജാതി-പട്ടികവർഗക്കാർക്ക് കൂടുതൽ പരിഗണന നൽകുന്നുണ്ടെന്നും അത് റദ്ദാക്കണമെന്നും ചൂണ്ടിക്കാട്ടിയാണ് മേൽജാതി സംഘടനകൾ പ്രതിഷേധം സംഘടിപ്പിച്ചത്.
എന്നാൽ ഉചിതമായ അന്വേഷണത്തിന് ശേഷമേ പട്ടികജാതി-പട്ടികവർഗ നിയമപ്രകാരം പരാതികൾ രജിസ്റ്റർ ചെയ്യുകയുള്ളൂവെന്ന് ഉമാ ഭാരതി പറഞ്ഞു. അതേസമയം ഇക്കാര്യത്തിൽ അന്തിമ തീരുമാനമെടുക്കില്ലെന്ന് മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാൻ വ്യക്തമാക്കി.
