ദളിത് സ്ത്രീകള്‍ക്ക് നേരെ ജാതി അധിക്ഷേപവും മര്‍ദ്ദനവും; ബിജെപി എംഎല്‍എയ്‌ക്കെതിരെ കേസ്

First Published 12, Mar 2018, 1:24 PM IST
Caste violence and oppression against Dalit women
Highlights
  • ബിജെപിയുടെ രുദ്രാപൂര്‍ മണ്ഡലത്തിലെ എംഎല്‍എ രാജ്കുമാര്‍ തുക്ക്‌റാലിനെതിരെ എസ്‌സിഎസ്ടി നിയമപ്രകാരമാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

ഉത്തരാഖണ്ഡ്:  ഡെറാഡൂണില്‍ ബിജെപി എംഎല്‍എ,  ദളിത് സ്ത്രീകളെയും പെണ്‍കുട്ടികളെയും തല്ലുകയും തെറിവിളിക്കുകയും ചെയ്യുന്ന ദൃശ്യങ്ങള്‍ വൈറലാകുന്നു. സാമൂഹ്യമാധ്യമങ്ങളില്‍ വൈറലായ വീഡിയോയുടെ അടിസ്ഥാനത്തില്‍ ഉത്തരാഖണ്ഡ് ബിജെപി എംഎല്‍എയ്‌ക്കെതിരെ പോലീസ് കേസ് എടുത്തു.  

ബിജെപിയുടെ രുദ്രാപൂര്‍ മണ്ഡലത്തിലെ എംഎല്‍എ രാജ്കുമാര്‍ തുക്ക്‌റാലിനെതിരെ എസ്‌സിഎസ്ടി നിയമപ്രകാരമാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. കഴിഞ്ഞ വെള്ളിയാഴ്ചയാണ് കേസിനാസ്പദമായ സംഭവം.

പ്രായപൂര്‍ത്തിയാകാത്ത കാമുകി-കാമുകന്മാര്‍ ഒളിച്ചോടിയതുമായി ബന്ധപ്പെട്ട് ഇരുവീട്ടുകാരെയും പ്രശ്‌നപരിഹാരത്തിന് എംഎല്‍എ ചര്‍ച്ചയ്ക്ക് വിളിച്ചു. സ്വന്തം വീട്ടിനുമുമ്പില്‍ വച്ച് നടത്തിയ ചര്‍ച്ചെയ്ക്കിടെ രാജ്കുമാര്‍ തുക്ക്‌റാല്‍ ആണ്‍കുട്ടിയുടെ അച്ഛന്‍ രാംകിഷോറിനെയും അമ്മ മാലയേയും മക്കളായ പൂജ, സോനം എന്നിവരെയും മര്‍ദ്ദിക്കുകയും ജാതിയധിഷേപം നടത്തുകയുമായിരുന്നുവെന്നാണ് പരാതി. സംഭവത്തിന്റെ വീഡിയോ സാമൂഹ്യമാധ്യമങ്ങളിലൂടെ പ്രചരിച്ചതോടെയാണ് വിവാദമായത്. 

എംഎല്‍എയ്‌ക്കെതിരെ രുദ്രാപൂര്‍ പോലീസ് എസ്‌സി എസ്ടി ആക്ട് പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തു. എന്നാല്‍ ഇരുകുടുംബങ്ങളും തന്റെ വീട്ടില്‍ ചര്‍ച്ചെയ്‌ക്കെത്തുകയായിരുന്നുവെന്നും ഇതിനിടെ ഇരുകൂട്ടരും തര്‍ക്കിക്കുകയായിരുന്നുവെന്നും രാജ്കുമാര്‍ തുക്ക്‌റാല്‍ മാധ്യമങ്ങളോട് പറഞ്ഞു. താന്‍ തര്‍ക്കം തീര്‍ക്കാന്‍ ശ്രമിക്കുകയായിരുന്നുവെന്നും എന്നാല്‍ മാധ്യമങ്ങള്‍ ഇത് വളച്ചൊടിച്ചതായും എംഎല്‍എ ആരോപിച്ചു. 

 

loader