ജലന്ധര്‍ ബിഷപ്പിനെതിരായ കന്യാസത്രീയുടെ പീഡനപരാതിയില്‍ സഭയുടെ നിലപാട് അപകടകരമെന്ന് ഫാ.പോൾ തേലക്കാട്. കന്യാസ്ത്രീകൾ തെരുവിൽ കേഴേണ്ട അവസ്ഥയാണ് നിലവില്‍ വന്നിരിക്കുന്നതെന്ന് പോള്‍ തേലക്കാട് പറഞ്ഞു

ഇടുക്കി: ജലന്ധര്‍ ബിഷപ്പിനെതിരായ കന്യാസത്രീയുടെ പീഡനപരാതിയില്‍ സഭയുടെ നിലപാട് അപകടകരമെന്ന് ഫാ.പോൾ തേലക്കാട്. കന്യാസ്ത്രീകൾ തെരുവിൽ കേഴേണ്ട അവസ്ഥയാണ് നിലവില്‍ വന്നിരിക്കുന്നതെന്ന് പോള്‍ തേലക്കാട് പറഞ്ഞു. ജലന്ധർ ബിഷപ്പിന്റെ അറസ്റ്റ് വൈകുന്നതിൽ പ്രതിഷേധവുമായി കുറവിലങ്ങാട് മഠത്തിലെ കന്യാസ്ത്രീകൾ കൊച്ചിയിൽ ഉപവസിക്കുന്ന വിഷയത്തില്‍ പ്രതികരിക്കുകയായിരുന്നു ഫാദര്‍ പോള്‍ തേലക്കാട്. 

നീതിക്കായി തെരുവിലിറങ്ങേണ്ടി വന്നത് കന്യാസ്ത്രീകളുടെ ഗതികേടാണെന്നും പ്രതിഷേധവുമായി മുന്നോട്ട് പോകുന്നത് പ്രതീക്ഷ നൽകുന്നുവെന്നും സിസ്റ്റര്‍ ജെസ്മി പറഞ്ഞു. സർക്കാരിൽ നിന്നും സഭയിൽ നിന്നും നീതി കിട്ടിയില്ലെന്നും കോടതിയിൽ മാത്രമാണ് പ്രതീക്ഷയെന്നും കന്യാസ്ത്രീകൾ സമരത്തിനിടെ പറഞ്ഞിരുന്നു. കാശും സ്വാധീനവും ഉള്ളതുകൊണ്ടാണ് ബിഷപ്പിനെ അറസ്റ്റ് ചെയ്യാത്തതെന്നും കന്യാസ്ത്രീകള്‍ കൊച്ചിയില്‍ ആരോപിച്ചു. 

സാധാരണക്കാരനെങ്കിൽ 2 ദിവസത്തിനകം അറസ്റ്റ് ചെയ്യില്ലേ? . മൊഴി രേഖപ്പെടുത്തലല്ലാതെ കേസിൽ ഒന്നും നടക്കുന്നില്ല . സഭയും സർക്കാരും ബിഷപ്പിനെ സംരക്ഷിക്കുന്നു . നീതിക്കായി ഏതറ്റം വരെയും പോകുമെന്ന് കന്യാസ്ത്രീകൾ വിശദമാക്കി.