കാവേരിനദിയില്‍ സുപ്രീംകോടതി നിര്‍ദ്ദേശം അനുസരിച്ച് കര്‍ണാടകം 2000 ഘന അടി വെള്ളമാണ് ഇപ്പോള്‍ തമിഴ്‌നാട്ടിന് വിട്ടുകൊടുക്കുന്നത്. ഇരുസംസ്ഥാനങ്ങളിലെയും സാഹചര്യങ്ങള്‍ പരിശോധിച്ച് ഇക്കാര്യത്തില്‍ ഉചിതമായ തീരുമാനം എടുക്കാമെന്ന് സുപ്രീംകോടതി വ്യക്തമാക്കിയിരുന്നു. ഇതിനായി സുപ്രീംകോടതി നിയോഗിച്ച കേന്ദ്ര ജലകമ്മീഷന്‍ അദ്ധ്യക്ഷനായ സമിതിയാണ് രണ്ട് സംസ്ഥാനങ്ങളിലെയും സാഹചര്യങ്ങള്‍ നേരിട്ട് പരിശോധിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. കര്‍ണാടകത്തില്‍ കാവേരി നദിയില്‍ നിന്നുള്ള വെള്ളം എത്തുന്ന 48 വില്ലേജുകളില്‍ 42 ഇടത്തും കടുത്ത വരള്‍ച്ചയാണെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. കര്‍ണാടകത്തിലെ അണക്കെട്ടില്‍ 22.90 ടി.എം.സി വെള്ളമാണ് ഇപ്പോഴുള്ളത്. എന്നാല്‍ തമിഴ്‌നാട്ടിലെ മേട്ടൂര്‍ അണക്കെട്ടില്‍ മാത്രം 31.66 ടി.എം.സി വെള്ളം ഉണ്ട്. കാര്‍ഷിക ആവശ്യത്തിനായി കര്‍ണാടകത്തിന് കൂടുതല്‍ വെള്ളം ആവശ്യമായി വരുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. തമിഴ്‌നാട്ടിന് വെള്ളം വിട്ടുകൊടുക്കരുതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നില്ലെങ്കിലും റിപ്പോര്‍ട്ട് പരോക്ഷമായി തമിഴ്‌നാടിന് എതിരാണ്. റിപ്പോര്‍ട്ട് നാളെ സുപ്രീംകോടതി പരിശോധിക്കും.