ദില്ലി: കാവേരി നദിയില്‍ നിന്ന് തമിഴ്‌നാടിന് കര്‍ണാടകം നല്‍കേണ്ട വെള്ളത്തിന്റെ അളവ് സുപ്രീംകോടതി പ്രതിദിനം 2000 ഘനയടി ആയി കുറച്ചു. പ്രതിദിനം 6000 ഘനയടി വെള്ളം നല്‍കണമെന്നായിരുന്നു സുപ്രീംകോടതിയുടെ നേരത്തെയുള്ള ഉത്തരവ്. താൽക്കാലിക ആശ്വാസം എന്നനിലയിലാണ് ഇത് 2000 ഘനയടി ആയി കുറച്ചതെന്ന് സുപ്രീംകോടതി ഉത്തരവില്‍ വ്യക്തമാക്കി. കേന്ദ്ര സര്‍ക്കാരിന്റെ എതിര്‍പ്പിനെ തുടര്‍ന്ന് കാവേരി മാനേജുമെന്‍റ് ബോര്‍ഡ് രൂപീകരിക്കാനുള്ള ഉത്തരവും സുപ്രീംകോടതി മരവിപ്പിച്ചു. കര്‍ണാടകയിലെ സാഹചര്യങ്ങൾ നേരിട്ട് വിലയിരുത്താൻ കേന്ദ്ര ജലകമ്മീഷൻ അദ്ധ്യക്ഷനായി വിദഗ്ധ സമിതിക്ക് സുപ്രീംകോടതി രൂപം നൽകി. ഒക്ടോബര്‍ 18ന് കേസ് വീണ്ടും പരിഗണിക്കും.

കാവേരി നദീജലം പങ്കുവെക്കുന്നത് പരിശോധിക്കാൻ കാവേരി മാനേജുമെന്റ് ബോര്‍ഡ് രൂപീകരിക്കാൻ കഴിഞ്ഞ വെള്ളിയാഴ്ചയാണ് കേന്ദ്ര സര്‍ക്കാരിന് സുപ്രീംകോടതി നിര്‍ദ്ദേശം നൽകിയത്. എന്നാൽ കാവേരി ട്രൈബ്യൂണൽ ഉത്തരവിനെതിരെ സംസ്ഥാനങ്ങൾ നൽകിയ ഹര്‍ജികളിൽ തീര്‍പ്പുകല്പിക്കാതെ കാവേരി മാനേജുമെന്റ് ബോര്‍ഡ് രൂപീകരിക്കാനാകില്ലെന്ന് കേന്ദ്ര സര്‍ക്കാരിന് വേണ്ടി അറ്റോര്‍ണി ജനറൽ മുകുൾ റോത്തകി കോടതിയെ അറിയിച്ചു. മാത്രമല്ല, ഇക്കാര്യത്തിൽ പാര്‍ലമെന്റിന്റെ അനുമതിയും വാങ്ങണം.

കേന്ദ്രത്തിന്റെ വാദം അംഗീകരിച്ചാണ് കാവേരി മാനേജുമെന്‍റ് ബോര്‍ഡ് രൂപീകരിക്കാനുള്ള ഉത്തരവ് സുപ്രീംകോടതി മരവിപ്പിച്ചത്. കര്‍ണാടകത്തിലെ സാഹചര്യങ്ങൾ നേരിട്ട് പരിശോധിക്കാൻ കേന്ദ്ര ജലകമ്മീഷൻ അദ്ധ്യക്ഷനായി രൂപം നല്‍കിയ വിദഗ്ധ സമിതിയിൽ തമിഴ്നാട്-കര്‍ണാടക സംസ്ഥാനങ്ങളുടെ ചീഫ് സെക്രട്ടറിമാരും, കേരളം, പുതുച്ചേരി സംസ്ഥാനങ്ങളിലെ ചീഫ് എൻജിനീയര്‍മാരുമാണ് അംഗങ്ങൾ. സമിതി ഇരുസംസ്ഥാനങ്ങളിലെയും സാഹചര്യങ്ങൾ സംബന്ധിച്ച് ഈമാസം 17ന് റിപ്പോര്‍ട്ട് നൽകണമെന്നും കോടതി ഉത്തരവിട്ടു.

സുപ്രീംകോടതിയുടെ ആവര്‍ത്തിച്ചുള്ള ഉത്തരവ് തള്ളിയ കര്‍ണാടകം ഇന്നലെ രാത്രിമുതൽ തമിഴ്നാട്ടിന് വെള്ളം വിട്ടുകൊടുക്കാൻ തുടങ്ങിയിരുന്നു. ഇന്നലെ രാത്രി 9000 ഘടന അടി വെള്ളം വിട്ടുകൊടുത്തതായും വരുന്ന രണ്ടുദിവസങ്ങളിൽ 12,000 ഘടന അടി വീതം വെള്ളം വിട്ടുകൊടുക്കുമെന്നും കര്‍ണാടകം കോടതിയെ അറിയിച്ചു. പിന്നീട് കര്‍ണാടകത്തിന്റെ അഭിപ്രായം കൂടി കേട്ടശേഷമാണ് 2000 ഘട അടി വെള്ളം 18വരെ വിട്ടുകൊടുക്കാനുള്ള തീരുമാനം സുപ്രീംകോടതി എടുത്തത്.

കേന്ദ്ര സര്‍ക്കാർ കര്‍ണാടകത്തിന്റെ കൈക്കുള്ളിലാണെന്ന ആരോപണമാണ് തമിഴ്നാട് സര്‍ക്കാർ സുപ്രീംകോടതിയെ അറിയിച്ചത്. കാവേരി മാനേജുമെന്റ് ബോര്‍ഡിനെതിരെയുള്ള കേന്ദ്ര നിലപാടിയിൽ അണ്ണാ ഡി.എം.കെ.എം.പിമാര്‍ കേന്ദ്ര സര്‍ക്കാരിനെ പ്രതിഷേധം അറിയിച്ചു.