തിരുവനന്തപുരം: കെ.എം.മാണിക്കെതിരായ ബാർ കോഴക്കേസ് അന്വേഷിച്ച എസ് പി സുകേശന് ക്രൈംബ്രാഞ്ചിന്റെ ക്ലീൻ ചീറ്റ്. കോഴ ആരോപണം ഉന്നയിച്ച ബിജു രമേശും അന്വേഷണ ഉദ്യോഗസ്ഥനായ സുകേശനും ഗുഡാലോചന നടത്തിയതിന് തെളിവില്ലെന്ന് ക്രൈംബ്രാഞ്ച്. ആരോപണം അന്വേഷിച്ച എസ് പി ഉണ്ണിരാജൻ റിപ്പോർട്ട് ക്രൈം മേധാവിക്ക് കൈമാറി.
ബിജു രമേശ് കോടതിയിൽ സമർപ്പിച്ച ബാറുടമകളുടെ യോഗത്തിന്റെ ശബ്ദരേഖ പരിശോധിച്ച മുൻ വിജിലൻസ് ഡയറക്ടർ ശങ്കർ റെഡ്ഡിയുടെ റിപ്പോർട്ടിൽ നിന്നാണ് കേസ് അന്വേഷണം ആരംഭിക്കുന്നത്. കൂടുതൽ മന്ത്രിമാർക്കെതിരെ ആരോപണം ഉന്നയിക്കാൻ സുകേശൻ നിർദ്ദേശിച്ചുവെന്നും എസ് പിയുടെ ഭാഗത്തുനിന്നും എല്ലാ സഹായവും ലഭിക്കുമെന്നും ബിജു രമേശ് യോഗത്തിൽ പറഞ്ഞിരുന്നുവെന്നാണ് റിപ്പോർട്ട്.
ഈ റിപ്പോർട്ടിൽ വസ്തുതയുണ്ടോയെന്ന് പരിശോധിക്കാനാണ് എസ് പി ഉണ്ണിരാജനെ നിയോഗിച്ചത്. ഗൂഡാലോചന നടന്നുവെന്ന തെളിക്കാൻ രേഖകളില്ലെന്നാണ് അന്വേഷണ ഉദ്യോഗസ്ഥന്റെ കണ്ടെത്തൽ. സുകേശനും ബിജു രമേശും തമ്മിൽ നിരവധി തവണ ഫോണിലും നേരിട്ടും സംസാരിച്ചിട്ടുണ്ട്. ഒരു കേസിന്റെ കക്ഷിയോട് സംസാരിക്കുന്നതിൽ തെറ്റില്ല. അതേസമയം, ഗൂഡാലോചന നടന്നുവെന്ന് തെളിക്കാൻ തെളിവുകളില്ലെന്നാണ് അന്വേഷണ റിപ്പോർട്ട്.
സുകേശന്റെയും ബിജു രമേശിന്റെയും ബാറുടമകളുടെയും മൊഴി അന്വേഷണ ഉദ്യോഗസ്ഥൻ രേഖപ്പെടുത്തിയിരുന്നു. റിപ്പോർട്ട് ക്രൈംമേധാവി ആഎസ്.ആനന്ദകൃഷ്ണന് കൈമാറി. ബാർ കോഴക്കേസിന്റെ അന്വേഷണ റിപ്പോർട്ട് ചോർത്തിയെന്ന ആരോപണത്തിലും സുകേശനെ നേരത്തെ ക്രൈംബ്രാഞ്ച് ക്ലീൻ ചിറ്റ് നൽകിയിരുന്നു.
