പരിശോധനയില്‍ റോഡിലെ ടാറിന്റെ കനം വളരെ നേര്‍ത്തതാണെന്ന് കണ്ടെത്തിയിട്ടുണ്ട്. 

തൃശ്ശൂര്‍:റോഡ് നിര്‍മ്മാണത്തില്‍ അപാകതയുണ്ടെന്ന പരാതിയെ തുടര്‍ന്ന് ഇടപ്പള്ളി മണ്ണുത്തി ദേശീയ പാതയില്‍ സി.ബി.ഐ പരിശോധന നടത്തി. അന്വേഷണത്തിന്‍റെ ഭാഗമായി പാലിയേക്കര ടോള്‍ പ്ലാസയിലും ഉദ്യോഗസ്ഥരെത്തി വിവരങ്ങള്‍ ശേഖരിച്ചു. 

നിര്‍ദ്ദേശിക്കപ്പെട്ടതിന്‍റെ നാലിലൊന്ന് ശതമാനം അസംസ്കൃത വസ്തുക്കള്‍ മാത്രമാണ് ഇടപ്പള്ളി-മണ്ണുത്തി ദേശീയപാതാ നിര്‍മ്മാണത്തിന് ഉപയോഗിച്ചതെന്ന് ചൂണ്ടിക്കാട്ടി തൃശൂര്‍ വടക്കാഞ്ചേരി സ്വദേശി കെടി ബെന്നിയാണ് പരാതി നല്‍കിയത്. സിബി.ഐ കൊച്ചി യൂണിറ്റിലെ ഉദ്യോഗസ്ഥരാണ് പരിശോധനയ്ക്കായി എത്തിയത്. 

ദേശീയപാത അതോറിറ്റി ഉദ്യോഗസ്ഥര്‍ക്കൊപ്പമെത്തിയാണ് സിബിഐ ഉദ്യോഗസ്ഥര്‍ പരിശോധന നടത്തിയത്. മണ്ണുത്തി ദേശീയപാതയിലെ 37 കിലോമീറ്റര്‍ ദൂരത്തോളം ഇവര്‍ പരിശോധന നടത്തി. പരിശോധനയില്‍ റോഡിലെ ടാറിന്റെ കനം വളരെ നേര്‍ത്തതാണെന്ന് കണ്ടെത്തിയിട്ടുണ്ട്. 

പരാവിലെ ടോള്‍ പ്ലാസ ഓഫീസിലെത്തിയ ഉദ്യോഗസ്ഥര്‍ ഓഫീസ് രേഖകള്‍ പരിശോധിച്ചു. ദേശീയപാത അതോറിറ്റിയില്‍ നിന്ന് വിവരാവകാശ നിയമപ്രകാരം ലഭിച്ച രേഖകള്‍ പരാതിക്കാരന്‍ ഉദ്യോഗസ്ഥര്‍ക്ക് കൈമാറി.ദേശീയപാത അതോറിറ്റി ഉദ്യോഗസ്ഥരില്‍ നിന്നും സിബിഐ വിവരം ശേഖരിച്ചു. സര്‍വ്വീസ് റോഡിന്‍റെ നിര്‍മാണം ഉള്‍പ്പെടെ കരാറില്‍ പറഞ്ഞ പല നിര്‍ദ്ദേശങ്ങളും പാലിക്കാതെയാണ് ദേശീയപാത നിര്‍മ്മിച്ചതെന്ന് നേരത്തെ തന്നെ പരാതി ഉയര്‍ന്നിരുന്നു.