കൊട്ടക്കമ്പൂർ ഭൂമി ഇടപാടില്‍ അന്വേഷണം ഏറ്റെടുക്കാനാവില്ലെന്ന് സിബിഐ   കേസ് അടുത്ത ആഴ്ചത്തേക്ക് മാറ്റി

ഇടുക്കി: കൊട്ടക്കമ്പൂർ ഭൂമി ഇടപാട് കേസിന്‍റെ അന്വേഷണം ഏറ്റെടുക്കാനാവില്ലെന്ന് സിബിഐ ഹൈക്കോടതിയെ അറിയിച്ചു. കേസില്‍ പൊലീസ് വിശദമായ റിപ്പോര്‍ട്ട് ഹൈക്കോടതിയിൽ സമർപ്പിച്ചതിനാൽ അന്വേഷണത്തിന് പ്രസക്തിയില്ലെന്നും സിബിഐ. സിബിഐ അന്വേഷണമാവശ്യപ്പെട്ട് മുകേഷ് മോഹന്‍, എം.കെ ബിജു എന്നിവരാണ് ഹൈക്കോടതിയെ സമീപിച്ചത്. കേസ് അടുത്താഴ്ച വീണ്ടും പരിഗണിക്കും.

വട്ടവട പഞ്ചായത്തിലെ കൊട്ടാക്കമ്പൂർ വില്ലേജിൽ വ്യാജരേഖകളിലൂടെ ഇടുക്കി എംപി ജോയ്സ് ജോർജ് ഭൂമി തട്ടിയെടുത്തെന്നാണ് ആരോപണം. കൊട്ടാക്കമ്പൂർ വിവാദ ഭൂമി ഇടപാടിൽ ജോയ്സ് ജോർജിന്റെ 20 ഏക്കർ ഭൂമിയുടെ കൈവശാവകാശം സർക്കാർ റദ്ദാക്കിയിരുന്നു. സർക്കാർ തരിശുഭൂമിയെന്നു കണ്ടത്തിയതിനാലാണു ദേവികുളം സബ് കലക്ട്‍ വി.ആർ.പ്രേംകുമാറിന്റെ നടപടി. ഭൂമി തട്ടിയെടുക്കാൻ വ്യാജ രേഖ ചമച്ചെന്നും ഒറ്റദിവസം കൊണ്ട് എട്ടു പേർക്ക് പട്ടയം നൽകിയെന്നും റിപ്പോർട്ടിൽ പറയുന്നു. വട്ടവട പഞ്ചായത്തിലെ കൊട്ടാക്കമ്പൂർ വില്ലേജിലുള്ള 24 ഏക്കർ ഭൂമിയുടെ കൈവശാവകാശമാണ് റദ്ദാക്കിയത്.