തിരുവനന്തപുരം: നെയ്യാറ്റിന്‍കര സ്വദേശി ശ്രീജീവിന്റെ മരണം സിബിഐ അന്വേഷിക്കും. അന്വേഷണത്തിന് വിജ്ഞാപനമിറങ്ങി. മുഖ്യമന്ത്രിയുടെ ഓഫീസ് സമര പന്തലില്‍ ശ്രീജിത്തിന് ഉത്തരവ് കൈമാറും. വിജ്ഞാപനം ഇറങ്ങിയതുകൊണ്ട് സമരം അവസാനിപ്പിക്കില്ലെന്ന് ശ്രീജിത്ത് . അന്വേഷണ നടപടി തുടങ്ങിയാൽ മാത്രം സമരം അവസാനിപ്പിക്കുമെന്നും ശ്രീജിത്ത് പ്രതികരിച്ചു.

സെക്രട്ടേറിയറ്റിന് മുന്നില്‍ 770 ദിവസമായി സമരം ചെയ്യുന്ന നെയ്യാറ്റിന്‍കര സ്വദേശി ശ്രീജിത്തിന്റെ അവസ്ഥ ഏഷ്യാനെറ്റ് ഓണ്‍ലൈനാണ് വീണ്ടും ജനശ്രദ്ധയിലേക്ക് എത്തിച്ചത്. ആരോഗ്യസ്ഥിതി മോശമായിട്ടും വെയിലും മഴയും കൊണ്ട് സെക്രട്ടേറിയറ്റിന് മുന്നില്‍ കിടന്നിരുന്ന ശ്രീജിത്തിന് ഐക്യദാര്‍ഢ്യവുമായി നിരവധിപ്പേരാണ് കഴിഞ്ഞ ദിവസങ്ങളിലെത്തിയത്. സാമൂഹിക മാധ്യമങ്ങളിലൂടെയുള്ള ആഹ്വാനം ഏറ്റെടുത്ത് ഇന്നലെ ആയിരക്കണക്കിന് പേര്‍ ശ്രീജിത്തിനെ കാണാനും ഐക്യദാര്‍ഢ്യം അറിയിക്കാനുമെത്തിയിരുന്നു.

സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിക്കാന്‍ ഇന്ന് ശ്രീജിത്ത് തീരുമാനമെടുത്തിരുന്നു. അഭിഭാഷകനായ കാളീശ്വരം രാജ് മുഖേനെ സിബിഐ അന്വേഷണം ആവശ്യപ്പെട്ടത് ഹൈക്കോടതിയെ സമീപിക്കാനായിരുന്നു തീരുമാനം. ചർച്ചയ്ക്ക് തയാറാണെന്ന് സർക്കാര്‍ അറിയിച്ചെങ്കിലും മുഖ്യമന്ത്രിയുമായി നേരിട്ട് കൂടിക്കാഴ്ച നടത്താന്‍ അനുവദിക്കണമെന്ന് സമര സമിതി നിലപാടെടുത്തു.

പൊലീസ് കസ്റ്റഡിയിലിരിക്കെ ക്രൂരമര്‍ദ്ദനത്തിനിരയായി കൊല്ലപ്പെട്ട നെയ്യാറ്റിന്‍കര സ്വദേശി ശ്രീജിവിന്റെ മരണം സിബിഐ അന്വേഷിക്കില്ലെന്ന് നേരത്തെ അറിയിച്ചിരുന്നു. കേസ് അന്വേഷിക്കണമെന്ന കേരള സര്‍ക്കാറിന്റെ ആവശ്യം തള്ളി സിബിഐ കത്ത്‌നല്‍കുകയും ചെയ്തു. ഡിസംബര്‍ 12നാണ് കേന്ദ്ര പേഴ്‌സണല്‍ മന്ത്രാലയം സംസ്ഥാന സര്‍ക്കാറിന് ഇക്കാര്യം വ്യക്തമാക്കി കത്തു നല്‍കിയത്. 

പേഴ്‌സണല്‍ മന്ത്രാലയത്തിലെ അണ്ടര്‍ സെക്രട്ടറി എസ്.പി.ആര്‍ ത്രിപാഠിയാണ് 228/46/2017 AVD II എന്ന നമ്പറില്‍ സംസ്ഥാന ചീഫ് സെക്രട്ടറിക്ക് കത്ത് നല്‍കിയത്. ശ്രീജിവിന്റെ മരണം അപൂര്‍വ്വമായ സംഭവമല്ലെന്ന് കാണിച്ചാണ് കേസ് ഏറ്റെടുക്കാനാവില്ലെന്ന് സി.ബി.ഐ അറിയിച്ചത്. ഇതിന് പുറമെ, കേരള സര്‍ക്കാറും ഹൈക്കോടതിയും ആവശ്യപ്പെട്ട നിരവധി കേസുകളുടെ അമിതഭാരം സി.ബി.ഐക്ക് ഉണ്ടെന്നും ആവശ്യം നിരാകരിക്കുന്നതിനുള്ള കാരണമായി സിബിഐ പറഞ്ഞു. 

ശ്രീജീവിനെ പൊലീസ് കസ്റ്റഡിയില്‍ വെച്ച് അന്നത്തെ പാറശ്ശാല സി.ഐ ഗോപകുമാറും എ.എസ്.ഐ ഫീലിപ്പോസും ചേര്‍ന്ന് മര്‍ദ്ദിച്ചുവെന്നും ഇതിന് സിവില്‍ പൊലീസ് ഓഫീസര്‍മാരായ പ്രതാപചന്ദ്രന്‍, വിജയദാസ് എന്നിവര്‍ കൂട്ടുനിന്നുവെന്നും കേസ് അന്വേഷിച്ച സംസ്ഥാന പൊലീസ് കംപ്ലെയിന്റ് അതോറിറ്റി കണ്ടെത്തിയിരുന്നു. മഹസര്‍ തയ്യാറാക്കിയ എസ്.ഐ ഡി ബിജുകുമാര്‍ വ്യാജരേഖ ചമച്ചതായി തെളിഞ്ഞിട്ടുണ്ടെന്നും പൊലീസ് കംപ്ലെയിന്റ് അതോറിറ്റി ഉത്തരവില്‍ വ്യക്തമാക്കിയിരുന്നു. ഈ സാഹചര്യത്തില്‍ ശ്രീവിന്റെ സഹോദരന്‍ ശ്രീജിത്തിന്റെ അപേക്ഷ കണക്കിലെടുത്താണ് കേസ് സിബിഐ ഏറ്റെടുക്കണമെന്ന് ആവശ്യപ്പെട്ട് കേരള സര്‍ക്കാര്‍ 2017 ജുലൈ 18ന് കത്ത് നല്‍കിയത്. ഈ അപേക്ഷയാണ് സിബിഐ തള്ളിക്കളഞ്ഞത്. ഒരു മാസം മുമ്പാണ് കേരളത്തിലെ എല്ലാ രാഷ്ട്രീയ കൊലപാതകങ്ങളും അന്വേഷിക്കാമെന്ന് സംസ്ഥാന സര്‍ക്കാറോ കോടതിയോ ആവശ്യപ്പെടാതെ തന്നെ സി.ബി.ഐ സ്വമേധയാ ഹൈക്കോടതിയില്‍ സന്നദ്ധത അറിയിച്ചതെന്നും ഇതിനോടൊപ്പം ചേര്‍ത്ത് വായിക്കണം. 

നിലവില്‍ ഈ കസ്റ്റഡി മരണം ഒരു ഏജന്‍സിയും അന്വേഷിക്കുന്നില്ല. ആരോപണവിധേയരായ പൊലീസുകാര്‍ക്ക് ഇന്നുവരെ ഒരു നടപടിയും ഉണ്ടായിട്ടില്ല. പ്രതികള്‍ പോറല്‍ പോലുമേല്‍ക്കാതെ സേനയില്‍ തുടരുന്നു. നീതി തേടി സെക്രട്ടേറിയറ്റിന് മുന്നില്‍ പട്ടിണി സമരം നടത്തുന്ന തന്നെ പൊലീസ് പലതവണ ഉപദ്രവിക്കുകയും സമരരത്തില്‍നിന്ന് പിന്‍ മാറണമെന്ന് ആവശ്യപ്പെടുകയും ചെയ്തതായി ശ്രീജിത്ത് പറയുന്നു.

അന്വേഷണം നടത്തിയ പൊലീസ് കംപ്ലെയിന്റ് അതോറിറ്റി, സംസ്ഥാന പൊലീസ് മേധാവിയുടെ മേല്‍നോട്ടത്തില്‍ പ്രത്യേക സംഘം രൂപീകരിച്ച് സംഭവം അന്വേഷിക്കണമെന്ന് ഉത്തരവിട്ടിരുന്നു. പൊലീസുകാര്‍ക്കെതിരെ വകുപ്പ് തല നടപടി സ്വീകരിക്കണമെന്നും ഉത്തരവ് നല്‍കി. 10 ലക്ഷം രൂപ നഷ്ടപരിഹാരം പൊലീസുകാരില്‍നിന്നും ഈടാക്കി നല്‍കണമെന്നും അതോറിറ്റിയുടെ ഉത്തരവില്‍ പറയുന്നു. ഇതിനെ തുടര്‍ന്ന്, അടിയന്തര നടപടി സ്വീകരിക്കാന്‍ അന്നത്തെ അഡീഷണല്‍ ചീഫ് സെക്രട്ടറി നളിനി നെറ്റോ ഉത്തരവിട്ടിരുന്നു. പിന്നാലെ, എഡിജിപി ബി സന്ധ്യയുടെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണ സംഘം രൂപവല്‍കരിച്ച് അന്വേഷണം ആരംഭിച്ചിരുന്നു. പൊലീസുകാര്‍ക്കെതിരെ അച്ചടക്ക നടപടി സ്വീകരിക്കാനും കേസ് എടുക്കാനും നീക്കമുണ്ടായി. 

എന്നാല്‍, ഇത് തടണമെന്നാവശ്യപ്പെട്ട് അന്നത്തെ പാറശ്ശാല സബ് ഇന്‍സ്‌പെക്ടര്‍ ആയിരുന്ന ബി ഗോപകുമാര്‍ ഹൈക്കോടതിയെ സമീപിച്ചു. തുടര്‍ന്ന്, അന്വേഷണവും വകുപ്പുതല നടപടിയും നഷ്പരിഹാരത്തുക പൊലീസ് ഉദ്യോഗസ്ഥരില്‍നിന്ന് ഈടാക്കുന്നതും തടഞ്ഞ് ഹൈക്കോടതി ഉത്തരവായി. തുടര്‍ന്ന്, പൊലീസുകാരില്‍നിന്നും തുക ഈടാക്കാതെ സര്‍ക്കാര്‍ തന്നെ നഷ്ടപരിഹാര തുക കുടുംബത്തിന് കൈമാറി. പൊലീസുകാര്‍ക്ക് എതിരെ പിന്നീട് ഇതുവരെ ഒരുനടപടിയും ഉണ്ടായിട്ടില്ല. ആരോപണ വിധേയനായ പൊലീസ് ഉദ്യോഗസ്ഥന്‍ ഫീലിപ്പോസ് സര്‍വീസില്‍നിന്നും വിരമിക്കുകയും മറ്റ് ഉദ്യോഗസ്ഥര്‍ വിവിധ ഓഫീസുകളില്‍ ജോലിയില്‍ തുടരുകയും ചെയ്യുന്നു.

ജനങ്ങളുടെ പ്രതിഷേധം കണക്കിലെടുത്ത് കഴിഞ്ഞ ദിവസം സര്‍ക്കാര്‍ വീണ്ടും കേന്ദ്ര പേഴ്സണല്‍ മന്ത്രാലയത്തിന് കത്തുനല്‍കിയിരുന്നു. കുറ്റക്കാരായ പൊലീസുകാര്‍ നടപടികള്‍ക്കെതിരെ ഹൈക്കോടതിയില്‍ നിന്ന് വാങ്ങിയ സ്റ്റേ നീക്കാന്‍ ആവശ്യമായ നടപടികളെടുക്കണമെന്ന് അഡ്വക്കറ്റ് ജനറലിനും നിര്‍ദ്ദേശം നല്‍കി