പറ്റ്ന: കാലിത്തീറ്റ കുംഭകോണക്കേസില്‍ ശിക്ഷിക്കപ്പെട്ട ആര്‍ജെഡി അധ്യക്ഷന്‍ ലാലു പ്രസാദ് യാദവിന്റെ പരാതിക്ക് ചുട്ട മറുപടിയുമായി ജഡ്ജി. ജയിലില്‍ ഭയങ്കര തണുപ്പാണെന്നും തണുപ്പ് അതിജീവിക്കാന്‍ തനിക്ക് കഴിയുന്നില്ലെന്നും കേസ് കൈാര്യം ചെയ്യുന്ന പ്രത്യേക സിബിഐ കോടതിയില്‍ നല്‍കിയ പരാതിയില്‍ ലാലു വ്യക്തമാക്കിയിരുന്നു.

തണുപ്പാണെങ്കില്‍ തബല വായിച്ചോളൂ... തണുപ്പ് മാറിക്കിട്ടും' എന്നതായിരുന്നു പ്രത്യേക സിബിഐ കോടതി ജഡ്ജി ശിവ് പാല്‍ സിംഗിന്റെ മറുപടി.

കോടതിയില്‍ ലാലുവിന്റെ പെരുമാറ്റം ശരിയായ രീതിയിലല്ലെന്ന് ജഡ്ജി പറഞ്ഞപ്പോള്‍ താന്‍ പറ്റ്ന യൂണിവേഴ്സിറ്റിയില്‍ നിന്ന് നിയമബിരുദമെടുത്തിട്ടുള്ളയാളാണെന്നും താനുമൊരു അഭിഭാഷകനാണെന്നുമായിരുന്നു ലാലുവിന്റെ മറുപടി.

കേസില്‍ സിബിഐ പ്രത്യേക കോടതിയാണ് ലാലുവിനെ കുറ്റക്കാരനെന്ന് വിധിച്ചത്. ഇതുമായി ബന്ധപ്പെട്ട ഒന്നിലേറെ കേസുകളിലെ ശിക്ഷാ വിധി ഇന്നത്തേയ്ക്ക് മാറ്റിവെച്ചിരിക്കുകയാണ്. ഇത് രണ്ടാം തവണയാണ് സിബിഐ പ്രത്യേക കോടതി കേസില്‍ ശിക്ഷ വിധിക്കുന്നത് മാറ്റി വയ്ക്കുന്നത്. ഇതിനിടെ, ലാലുവിനു വേണ്ടി പലരും തന്നെ സ്വാധീനിക്കാന്‍ ശ്രമിച്ചുവെന്നും തനിക്ക് ആരെയും ഭയമില്ലെന്നും ജസ്റ്റിസ് ശിവ്പാല്‍ സിംഗ് വ്യക്തമാക്കിയിരുന്നു.