ദില്ലി: ജിഷ്ണു പ്രണോയ് കേസ് ഏറ്റെടുക്കാനാകില്ലെന്ന സിബിഐ നിലപാട് കേന്ദ്ര സര്‍ക്കാര്‍ പുനഃപരിശോധിക്കും. ഇക്കാര്യത്തില്‍ രണ്ടുദിവസത്തിനകം തീരുമാനമെടുക്കുമെന്ന് അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ സുപ്രീംകോടതിയെ അറിയിച്ചു. ജിഷ്ണു പ്രണോയ് ഏറ്റെടുക്കാനാകില്ലെന്ന് സിബിഐ നേരത്തെ സുപ്രീംകോടതിയെ അറിയിച്ചു. സിബിഐയുടെ നിലപാടില്‍ പ്രഥമദൃഷ്‌ട്യാ തന്നെ അപാകതകളുണ്ടെന്ന് ഇന്നലെ സുപ്രീംകോടതി ചൂണ്ടിക്കാട്ടി.

സിബിഐ അന്വേഷണം വേണമെന്ന കേരള സര്‍ക്കാരിന്റെ ആവശ്യത്തില്‍ കേന്ദ്രത്തോട് അഭിപ്രായം അറിയിക്കാനും കോടതി ആവശ്യപ്പെട്ടിരുന്നു. ഇതനുസരിച്ച് ഇന്ന് ഹാജരായ അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ പിങ്കി ആനന്താണ് ജിഷ്ണു കേസ് സിബിഐ അന്വേഷിക്കുന്ന കാര്യത്തില്‍ രണ്ടുദിവസത്തിനകം തീരുമാനമെടുക്കുമെന്ന് അറിയിച്ചത്.

ഇക്കാര്യത്തില്‍ ആനുകൂല നിലപാടെടുക്കുന്ന കാര്യമാണ് പരിശോധിക്കുന്നതെന്നും അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ പറഞ്ഞു. ഇതേതുടര്‍ന്ന് കേസ് ഡിസംബര്‍ 5ലേക്ക് മാറ്റിവെച്ചു. സിബിഐ അന്വേഷണക്കാര്യത്തിലെ മുന്‍ നിലപാട് കേന്ദ്രം പുനഃപരിശോധിക്കുന്നതില്‍ സന്തോഷമുണ്ടെന്ന് ജിഷ്ണു പ്രണോയിയുടെ അമ്മ മഹിജ പറഞ്ഞു.

ജിഷ്ണു പ്രണോയ് കേസില്‍ രണ്ടാംപ്രതിയായ ശക്തിവേലിന്‍റെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയെ സമീപിച്ചിരിക്കുന്നത്. കേസിലെ മറ്റ് പ്രതികളുടെ ജാമ്യം റദ്ദാക്കണമെന്ന് എന്തുകൊണ്ടാണ് സര്‍ക്കാര്‍ ആവശ്യപ്പെടാത്തതെന്ന് ഇന്നലെ കോടതി ചോദിച്ചിരുന്നു.