പൊലീസ് കൊലക്കുറ്റം ചുമത്താന്‍ വൈകിയെന്ന് സിബിഐ കോടതിയില്‍ അന്വേഷണത്തിന്‍റെ തുടക്കം മുതല്‍ വീഴ്ച

കൊച്ചി: പൊലീസിനെതിരെ ഹൈക്കോടതിയില്‍ നിലപാട് വ്യക്തമാക്കി സിബിഐ. ശ്രീജിത്തിന്‍റെ കസ്റ്റഡി മരണത്തെ തുടര്‍ന്നുള്ള അന്വേഷണത്തില്‍ വീഴ്ചയുണ്ടെന്ന് സിബിഐ ഹൈക്കോടതിയില്‍ പറഞ്ഞു. അന്വേഷണത്തിന്‍റെ തുടക്കം മുതല്‍ വീഴ്ച പറ്റിയിട്ടുണ്ടെന്ന സംശയവും കോടതിയില്‍ സിബിഐ പ്രകടിപ്പിച്ചു. കൊലപാതകമാണെന്ന് ബോധ്യപ്പെട്ടാല്‍ 302 ആണ് ചുമത്തേണ്ടത് എന്നാല്‍ കൊലപാതകം ആണെന്ന് ബോധ്യമുണ്ടായിട്ടും ആദ്യത്തെ എഫ്ഐആറില്‍ സ്വഭാവിക മരണത്തിനാണ് പൊലീസ് കേസെടുത്തത്. ഇത് തെറ്റാണെന്ന് ബോധ്യപ്പെട്ടാല്‍ എസ്പിക്ക് ഇടപെടാമായിരുന്നെന്നും ഹോക്കോടതിയില്‍ സിബിഐ വ്യക്തമാക്കി.

വരാപ്പുഴ ശ്രീജിത്തിന്‍റെ കസ്റ്റഡി കൊലപാതക കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഭാര്യ അഖില സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കവെ പൊലീസിനെതിരെ ഹൈക്കോടതി രൂക്ഷവിമര്‍ശനം നടത്തിയിരുന്നു. ആര്‍ടിഎഫ് രൂപീകരിച്ച എസ്പിക്ക് ഒന്നും അറിയില്ല എന്ന് പറയുന്നത് ശരിയല്ല. ആര്‍ടിഎഫുകാർ എസ്എച്ച് ഒയെ അറിയിക്കാതെ എങ്ങനെ അന്വേഷണം നടത്തിയെന്നും കോടതി ചോദിച്ചു. ആര്‍ടിഎഫിന്റെ രൂപീകരണം തന്നെ നിയമ വിരുദ്ധമാണെന്നും കോടതി പറഞ്ഞു.