2005ൽ ഐഎസ്ആര്‍ഒയുടെ വാണിജ്യ വിഭാഗമായ ആൻട്രിക്സ് കോർപ്പറേഷൻ ബാംഗ്ലൂർ ആസ്ഥാനമായുള്ള ദേവാസ് മൾട്ടി മീഡിയയുമായി ഒപ്പിട്ട കരാറിൽ സാന്പത്തിക ക്രമക്കേട് നടന്നെന്ന കേസിൽ അന്ന് ഐഎസ്ആര്‍ഒ ചെയർമാനായിരുന്ന ജി.മാധവൻ നായരെ കഴിഞ്ഞ ദിവസം ദില്ലിയിൽ വിളിച്ചു വരുത്തി സിബിഐ ചോദ്യം ചെയ്തിരുന്നു. നേരത്തെ കേന്ദ്ര സർക്കാർ റദ്ദാക്കിയ ഇടപാടിനെക്കുറിച്ച് കൂടുതൽ വിശദാംശങ്ങള്‍ക്കായാണ് രണ്ടാമതും മാധവൻ നായരെ ഇന്ന് സിബിഐ ചോദ്യം ചെയ്തത്.

കേസിൽ സിബിഐയും ആദായ നികുതി വകുപ്പും അന്വേഷണം തുടരുകയാണ്. രണ്ട് ഐസ്ആർഒ ഉപഗ്രഹങ്ങളുടെ ട്രാൻസ്പോണ്ടറുകൾക്കൊപ്പം പന്ത്രണ്ട് വർഷത്തേക്ക് എഴുപത് ശതമാനം എസ് ബാൻഡ് അനുവദിക്കുന്ന ഇടപാടിൽ അന്ന് ഐഎസ്ആർഒയും ആന്‍ട്രിക്സും അനാവശ്യ തിടുക്കം കാട്ടിയെന്ന് സിഎജി വിലയിരുത്തിയിരുന്നു. ബന്ധപ്പെട്ട മന്ത്രാലയങ്ങളുമായും ബഹിരാകാശ കമ്മീഷനുമായും വേണ്ട ചർച്ച നടന്നിരുന്നില്ലെന്നും ഇടപാടിലൂടെ 576 കോടി രൂപയുടെ നഷ്ടം കേന്ദ്രത്തിന് ഉണ്ടായെന്നുമായിരുന്നു സിഎജിയുടെ കണ്ടെത്തൽ.