ജിഷ്ണു പ്രണോയ് കേസില്‍ സി.ബി.ഐ അന്വേഷണം തുടങ്ങി. സി.ബി.ഐ സംഘം ഇന്ന് ജിഷ്ണുവിന്‍റെ അമ്മ മഹിജയുടെ മൊഴിയെടുത്തു.
സി.ബി.ഐ കൊച്ചി യൂണിറ്റിനാണ് കേസിന്റെ അന്വേഷണ ചുമതല. വളയത്തെ ജിഷ്ണുവിന്‍റെ വീട്ടിലെത്തി അമ്മ മഹിജയുടെ വിശദമായ മൊഴി എടുത്തു. മകന്‍റെ മരണത്തിന് ഉത്തരവാദി പാമ്പാടി നെഹ്റു കോളേജ് അധികൃതരാണെന്ന് മഹിജ മൊഴി നല്‍കി. ജിഷ്ണുവിന്‍റെത് ആത്മഹത്യയല്ല കൊലപാതകമാണ്. പോലീസ് അന്വേഷണത്തില്‍ തെളിവുകള്‍ നശിപ്പിക്കപ്പെട്ടതായി സംശയമുണ്ടെന്നും മഹിജ സി.ബി.ഐയോട് പറഞ്ഞു.
മൂന്ന് മണിക്കൂറോളം നേരം സി.ബി.ഐ മഹിജയുടെ മൊഴിയെടുത്തു. അന്വേഷണത്തിന് ഉടന്‍ പ്രത്യേക സംഘം രൂപീകരിക്കും. അന്വേഷണത്തിന്‍റെ ഭാഗമായി പാമ്പാടി നെഹ്റു കോളേജിലും, ജിഷ്ണുവിനെ മരിച്ച നിലയില്‍ കണ്ടെത്തിയ ഹോസ്റ്റലിലും സി.ബി.ഐ സംഘം പരിശോധന നടത്തും. ജിഷ്ണുവിന്‍റെ സഹപാഠികളുടെയും മൊഴിയെടുക്കും.
