ദില്ലി: ബോഫോഴ്സ് കേസിൽ പുനഃരന്വേഷണമാകാമെന്ന് സിബിഐ. ആറംഗ പാർലമെന്‍ററി സമിതിയെയാണ് സിബിഐ ഈ വിവരം അറിയിച്ചത്. പ്രതിരോധ വകുപ്പിന്‍റെ പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റിയാണ് കേസിലെ പുനഃരന്വേഷണ സാധ്യത തേടിയത്. സൈന്യത്തിന് ആയുധങ്ങൾ വാങ്ങിയതിലെ അഴിമതിയാണ് ബോഫോഴ്സ് കേസിലൂടെ പുറത്ത് വന്നത്. 

കേസ് 'അപരാധിത്വത്തിന്റെ പ്രതിഫലനവും വ്യവസ്ഥാപരമായ വീഴ്ചയുടേയും ഉത്തമ ഉദാഹരണമാണെന്നായിരുന്നു ആറംഗ പാർലമെന്‍ററി സമിതി പറഞ്ഞത്. കേസ് വീണ്ടും പരിഗണിക്കാന്‍ കേന്ദ്രസര്‍ക്കാരിന്‍റെ അനുമതി തേടണമെന്നും സുപ്രീം കോടതിയില്‍ ഹര്‍ജി സമര്‍പ്പിക്കണമെന്നും എം.പിമാര്‍ സി.ബി.ഐയോട് ആവശ്യപ്പെട്ടിരുന്നു. 

അതേസമയം, കേസ് റദ്ദാക്കിയത് ചോദ്യം ചെയ്ത് സുപ്രീം കോടതിയില്‍ നിലനില്‍ക്കുന്ന ഹര്‍ജിയെ പിന്തുണയ്ക്കാമെന്ന സൂചനയും സി.ബി.ഐ നല്‍കിയിട്ടുണ്ട്. നേരത്തെ സുപ്രീം കോടതിയെ സമീപിക്കാതിരുന്നതില്‍ സി.ബി.ഐ ഡയറക്ടര്‍ അലോക് വര്‍മ്മ വിശദീകരണം തേടിയിരുന്നു. എന്നാല്‍ മുന്‍പ് അധികാരത്തിലിരുന്ന കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള യു.പി.എ സര്‍ക്കാര്‍ കേസുമായി മുന്നോട്ടുപോകുന്നതില്‍ താല്‍പര്യം പ്രകടിപ്പിച്ചിരുന്നില്ല. 

സൈന്യത്തിനായി 1986 മാര്‍ച്ച് 24ന് സ്വീഡീഷ് ആയുധ കമ്പനിയായ എബി ബൊഫോഴ്‌സില്‍ നിന്ന് 1437 കോടി രൂപ മുടക്കി 400 155 എം.എം പീരങ്കിതോക്കുകകള്‍ വാങ്ങിയതാണ് പിന്നീട് വിവാദമായത്. ഇടപാടിനായി ഇന്ത്യയിലെ രാഷ്ട്രീയ നേതാക്കള്‍ക്കും പ്രതിരോധ വകുപ്പിലെ ഉന്നതര്‍ക്കും വന്‍തുക കൈക്കൂലി നല്‍കിതായി സ്വീഡീഷ് റേഡിയോ 1987 ഏപ്രില്‍ 16ന് വാര്‍ത്ത നല്‍കിയതോടെയാണ് വിവാദം തലപൊക്കിയത്. 

കോണ്‍ഗ്രസിന്റെയും രാജീവ് ഗാന്ധിയുടേയും പ്രതിഛായയെ ഏറെ ബാധിച്ചതായിരുന്നു ഈ ആരോപണം. എന്നാല്‍ രാജീവ് ഗാന്ധി കോഴ വാങ്ങിയതിന് ഒരു തെളിവുമില്ലെന്ന് കാണിച്ച് ദില്ലി ഹൈക്കോടതി കേസ് തള്ളുകയായിരുന്നു.