കോട്ടയത്ത് ചോദ്യപേപ്പർ മാറി നൽകിയെന്ന പരാതി കള്ളമാണെന്ന് സിബിഎസ്ഇ
കോട്ടയം: ചോദ്യപേപ്പർ മാറി നൽകിയെന്ന പരാതി കള്ളമാണെന്ന് സിബിഎസ്ഇ. ഇക്കഴിഞ്ഞ മാർച്ച് 28ന് സിബിഎസ്ഇ നടത്തിയ കണക്ക് പരീക്ഷയിൽ തനിക്ക് പഴയ ചോദ്യ പേപ്പറാണ് ലഭിച്ചതെന്നും ഇത് അറിയാതെ പരീക്ഷ എഴുതിയ തന്‍റെ ഉത്തര കടലാസുകൾ പഴയ ചോദ്യപേപ്പർ അടിസ്ഥാനമാക്കി മൂല്യനിർണ്ണയം നടത്തണമെന്നുമായിരുന്നു ഹർജിക്കാരിയുടെ ആവശ്യം. ഈ ഹർജിയിലാണ് ഹൈക്കോടതി സിബിഎസ് ഇയുടെ വിശീദകരണം തേടിയത്. എന്നാൽ അമീയ സലീമിന്‍റെ പരാതി കള്ളമാണെന്നാണ് സിബിഎസ്ഇയുടെ നിലപാട്.
2016ൽ പെൺകുട്ടിയുടെ സഹോദരൻ എഴുതിയ കണക്ക് പരീക്ഷയുടെ ചോദ്യപ്പേപ്പറുമായാണ് പെൺകുട്ടി പരീക്ഷയെഴുതാനെത്തിയതെന്നും ചോദ്യപേപ്പർ മാറിയെന്ന വിവരം വിദ്യാർത്ഥിനി ഇൻവിജിലേറ്ററെ അറയിച്ചിരുന്നില്ലന്നും സത്യവാങ്മൂലത്തിൽ വ്യക്തമാക്കുന്നു. പരാതി കളവായതിനാൽ ഹർജി തള്ളണമെന്നാണ് സിബിഎസ്ഇയുടെ വാദം.
എന്നാൽ പരീക്ഷ ചോദ്യപേപ്പർ മാറിയെന്ന് ബോധ്യമായത് പരീക്ഷ കഴിഞ്ഞപ്പോഴായിരുന്നുവെന്ന് അമീയ സലീം വവ്യക്തമാക്കുന്നു. ഇക്കാര്യം സൂപ്രണ്ട് കൂടിയായ പ്രിൻസിപ്പാളിന്‍റെ ശ്രദ്ധയിൽ പെടുത്തി. സംഭവം പരിശോധിച്ച പ്രിൻസിപ്പൽ പരാതി ശരിയാണെന്ന് കണ്ടെത്തുകയും സിബിഎസ്ഇ റീജിയണൽ ഓഫീസിൽ ഇ -മെയിലായി വിവരം അറിയിക്കുകയും ചെയ്തു. എന്നാൽ, മറുപടിയോ തുടർ നടപടിയോ സിബിഎസ്ഇയുടെ ഭാഗത്ത് നിന്ന് ഉണ്ടായില്ലെന്നും ഹർജിക്കാരി വ്യക്തമാക്കുന്നു. സിബിഎസ്ഇയുടെ ഇപ്പോഴത്തെ വാദം കളവാണെന്നും ഇതിന് ഹൈക്കോടതിയിൽ മറുപടി നൽകുമെന്നും ബന്ധുക്കൾ പറഞ്ഞു. മെയ് നാലിന് ഹൈക്കോടതി കേസ് വീണ്ടും പരിഗണിക്കും.
