കൊച്ചി: സ്കൂളുകളില്‍ പഠനോപകരണങ്ങളുടെ വില്‍പന വിലക്കുന്ന സിബിഎസ്ഇയുടെ സര്‍ക്കുലറിന് പുല്ലുവില. സംസ്ഥാനത്തെ സിബിഎസ്ഇ സ്കൂളുകളില്‍ നോട്ടുബുക്കുകള്‍ ഉള്‍പ്പടെയുള്ളവ കൊള്ളവിലയ്ക്ക് വില്‍ക്കുന്നു. കച്ചവടം വിപണിവിലയുടെ ഇരട്ടിയിലേറെ വിലയ്ക്ക്. ഏഷ്യാനെറ്റ് ന്യൂസ് അന്വേഷണം

മധ്യവേനലവധിയുടെ കളിയാരവങ്ങളൊഴിഞ്ഞ് സ്കൂളുകളില്‍ ഫസ്റ്റ്ബെല്ലടിക്കാന്‍ ദിവസങ്ങള്‍ നില്‍ക്കെയാണ് സിബിഎസ്ഇ ഇങ്ങനെയൊരുസര്‍ക്കുലര്‍ പുറത്തിറക്കിയത്. പള്ളിക്കൂടങ്ങളില്‍  നോട്ട് ബുക്കും ബാഗും ഉള്‍പ്പടെയുള്ള പഠനോപകരങ്ങള്‍ വില്‍പന നടത്താന്‍ പാടില്ല. 

മാനെജ്മെന്‍റ് കൊള്ളലാഭമുണ്ടാക്കുന്നുവെന്ന പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു ഇങ്ങനെ ഒരു സര്‍ക്കുലര്‍ പുറത്തിറങ്ങിയത്. എറണാകുളത്തെ സിബിഎസ് ഇ സ്കൂളുകളില്‍ ഞങ്ങളന്വേഷിച്ചതും ഈ സര്‍ക്കുലറിന് മാനെജ്മെന്‍റുകള്‍ എന്ത് വിലകല്‍പ്പിക്കുന്നുവെന്നായിരുന്നു. കൊച്ചിയിലെ ഒരുപ്രമുഖ സ്കൂളില്‍ പ്രത്യേക കൗണ്ടര്‍ കൗണ്ടോ. ബുക്കും ബാഗും പഠനോപകരങ്ങളെല്ലാം വില്‍പന തുടങ്ങിയിരിക്കുന്നു

നഗരത്തിലെ അ‍ഞ്ചിലേറെ സിബിഎസ്ഇ സ്കൂളുകളില്‍ ഞങ്ങളെത്തി. എല്ലായിടത്തും വില്‍പന പൊടിപൊടിക്കുന്നു. മുന്‍കൂട്ടി പണമടച്ച് പ്രത്യേക ദിവസം നിശ്ചയിച്ച് വില്‍പന. അങ്കമാലിയിലെ ഒരു സ്കൂളില്‍ രക്ഷിതാവിനൊപ്പം ഏഷ്യാനെറ്റ് ന്യൂസ് സംഘം വാങ്ങിയ നോട്ട് ബുക്കിന്‍റെ ബില്ലാണിത്. ആറാംക്ലാസിലെ നോട്ടു ബുക്കുകള്‍ക്ക് 780 രൂപ. ഒമ്പതാം ക്ലാസിലെ ബുക്കിന് ഈടാക്കിയത് 1390 രൂപ.  ബുക്കുമായി ഞങ്ങള്‍ പോയത് എറണാകുളം ബ്രോഡ് വേയിലെ വില്‍പന കേന്ദ്രത്തിലേക്ക്.

രണ്ട് ക്ലാസുകളിലെയും ബുക്ക് കെട്ടുകള് കച്ചവടക്കാരനെ ഏല്‍പ്പിച്ച് സമാനമായത് എടുക്കാനാവശ്യപ്പെട്ടു. എത്രയായെന്ന് ചോദിച്ചു. ഇതിലും കുറവായിരുന്നു വില. പരമാവധി നാനൂറു രൂപ മാത്രം വിലവരുന്ന ബുക്കുകളാണ് ആയിരത്തിലധികം രൂപയ്ക്ക് സ്കൂളുകള്‍ വില്‍ക്കുന്നത്.

രണ്ടായിരം കുട്ടികള്‍ പഠിക്കുന്ന ഒരു സ്കൂളില്‍ ഒരുകുട്ടിയില്‍ നിന്നും അഞ്ഞൂറു രൂപ ഇങ്ങനെ കിട്ടിയാല്‍ മാനെജ്മെന്‍റിന് ലാഭം പത്തുലക്ഷം രൂപ. നോട്ട് ബുക്ക് വ്യാപാരകൊള്ളയുടെ മാത്രം കമക്കാണിത്. ബാഗും ഷൂസും യൂനിഫോമുമുള്‍പ്പടെയുള്ള കച്ചവടം വേറെയും. പിന്നെങ്ങനെ സിബിഎസ്ഇയുടെ സര്‍ക്കുലര്‍ മാനെജ്മെന്‍റുകള്‍ അനുസരിക്കും.

CBSE schools robbery on study instruments