ദില്ലി: ഗുരുഗ്രാമിലെ റയല്‍ ഇന്റര്‍നാഷണല്‍ സ്‌കൂളിലെ രണ്ടാം ക്ലാസ്സ് വിദ്യാര്‍ത്ഥി കൊല്ലപ്പെടുന്നതിന് തൊട്ടുമുന്‍പുള്ള സിസിടിവി ദൃശ്യങ്ങള്‍ കണ്ടെടുത്തു. സ്‌കൂളിലെ ശുചിമുറിയില്‍ വെള്ളിയാഴ്ചയാണ് ഏഴുവയസ്സുകാരന്‍ പ്രദ്യുമന്‍ ഠാക്കൂറിനെ കഴുത്തറുത്ത നിലയില്‍ കണ്ടെത്തിയത്. ശുചിമുറിയുടെ പുറത്തുള്ള സിസിടിവികളില്‍ ഒരെണ്ണം മാത്രമാണ് പ്രവര്‍ത്തിച്ചത്. ഇതില്‍ നിന്നാണ് ദൃശ്യങ്ങള്‍ കണ്ടെടുത്തത്.
കുട്ടി ശുചിമുറിയില്‍ പ്രവേശിക്കുന്നതും മിനിറ്റുകള്‍ക്കുള്ളില്‍ ബസ് കണ്ടക്ടര്‍ അശോക് കുമാര്‍ പ്രവേശിക്കുന്നതും സിസിടിവില്‍ തെളിഞ്ഞതായി ഗുരുഗ്രാം പോലീസ് അറിയിച്ചു. കുറച്ചു സമയത്തിന്‌ശേഷം പ്രദ്യുമന്‍ രക്തത്തില്‍ കുളിച്ച് പുറത്തേക്ക് ഇഴഞ്ഞ് വരുന്നത് ദൃശ്യങ്ങളിലുണ്ട്. തുടര്‍ന്ന് ശുചിമുറിയുടെ വാതിലിന് സമീപം കുട്ടി മരിച്ചു വീഴുകയായിരുന്നു. ഭിത്തിയില്‍ രക്തക്കറ പുരണ്ടു.
അമിതമായ രക്തസ്രാവമാണ് മരണകാരണമെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. കഴുത്തില്‍ കത്തിക്കൊണ്ടുള്ള രണ്ടു മുറിവുകളുണ്ട്. ശ്വാസനാളത്തിലാണ് ഒരു മുറിവേറ്റിരിക്കുന്നത്. ഇതാണ് സഹായത്തിനായി കരയാന്‍ പോലും കുട്ടിക്ക് കഴിയാതായത്. അറസ്റ്റിലായ അശോക് കുമാര്‍ കുറ്റം സമ്മതിച്ചതായി പോലീസ് അറിയിച്ചു.
