വാഹനമിടിച്ച് പരിക്കേറ്റയാൾ റോഡിൽ നിന്ന് എഴുന്നേൽക്കുന്നതും ദൃശ്യങ്ങളിലുണ്ട്.
കൊച്ചി: കൊച്ചിയിൽ റേഞ്ച് റോവർ ലോറിയിൽ ഇറക്കുന്നതിനിടെയുണ്ടായ അപകടത്തിൽ ഷോറൂം ജീവനക്കാരൻ മരിച്ച സംഭവത്തിൽ അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങൾ ഏഷ്യാനെറ്റ് ന്യൂസിന് ലഭിച്ചു. ഇറക്കുന്നതിനിടെ നിയന്ത്രണം വിട്ട കാർ ഷോറൂം ജീവനക്കാരനായ റോഷനെ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു എന്ന് ദൃശ്യങ്ങളിൽ നിന്ന് വ്യക്തമാകുന്നുണ്ട്. തുടർന്ന് വൈദ്യുതി പോസ്റ്റിൽ ഇടിച്ചു. വാഹനമിടിച്ച് പരിക്കേറ്റയാൾ റോഡിൽ നിന്ന് എഴുന്നേൽക്കുന്നതും ദൃശ്യങ്ങളിലുണ്ട്. കഴിഞ്ഞ ഞായറാഴ്ചയാണ് കൊച്ചി ചളിക്കവട്ടത്തെ ഷോറൂമിൽ അപകടമുണ്ടായത്.
കഴിഞ്ഞ ഞായറാഴ്ച രാത്രി 11.30 നായിരുന്നു സംഭവം. കൊച്ചിയിലെ ആഡംബര കാർ ഷോറൂമിന്റെ യാർഡിലേക്ക് എത്തിയ കണ്ടെയ്നർ ട്രക്കിൽ നിന്നും കാർ ഇറക്കാൻ മൂന്ന് പേർ എത്തുന്നു. അപകടത്തിൽ മരിച്ച ഷോറൂം ജീവനക്കാരൻ മട്ടാഞ്ചേരി സ്വദേശി റോഷൻ ആന്റണി സേവ്യർ, വാഹനം ഇറക്കാൻ എത്തിയ ട്രേഡ് യൂണിയൻ തൊഴിലാളികളായ അൻഷാദ്, അനീഷ് എന്നിവർ. അൻഷാദ് കണ്ടെയ്നറിനുള്ളിലെ ആഡംബര കാറിന്റെ ഡ്രൈവർ ആയും അനീഷും റോഷനും നിർദേശം നൽകാൻ താഴെ രണ്ടു വശങ്ങളിലും നിൽക്കുന്നു.
വാഹനം സ്റ്റാർട്ട് ചെയ്ത് നിമിഷങ്ങൾക്കകം പിന്നോട്ട് കുതിച്ചു അനീഷിനെയും റോഷനെയും ഇടിച്ചിടുന്നു. പിന്നെയും പുറകോട്ട് കുതിച്ചു പുറകിലെ മാർബിൾ ഗോഡൗണിന്റെ മതിലിൽ ഇടിച്ചു കയറുന്നു. വീണ്ടും മുൻപോട്ട് നീങ്ങി വൈദ്യുതപോസ്റ്റ് ഇടിച്ചിട്ട ശേഷം നിൽക്കുന്നു. വാഹനത്തിന്റെ പിൻവശം പൂർണമായും തകർന്നു, ടയറുകളും ചില്ലും പൊട്ടി. ഗുരുതരമായി പരിക്കേറ്റ റോഷൻ തൊട്ടടുത്തുള്ള സ്വകാര്യ ആശുപത്രിയിൽ വച്ചാണ് മരിച്ചത്. അൻഷാദിനെതിരെ മനഃപൂർവമല്ലാത്ത നരഹത്യ അടക്കം വകുപ്പുകൾ ചുമത്തി പാലാരിവട്ടം പോലീസ് കേസ് എടുത്തിരുന്നു.

