അഞ്ചംഗ ബെഞ്ചിന്‍റെ വിധി പ്രസ്താവം വന്നതോടെ സുപ്രീംകോടതിയ്ക്ക് പുറത്തും വിവിധ ഇടങ്ങളിലും ആഘോഷം തുടങ്ങിയിരുന്നു
ദില്ലി: സ്വവര്‍ഗ ലൈംഗികത ക്രിമിനല്‍ കുറ്റമാണെന്ന നൂറ്റാണ്ട് പഴക്കമുള്ള നിയമത്തെ തിരുത്തിയ സുപ്രീംകോടതിയുടെ ചരിത്ര വിധി ആഘോഷമാക്കി എല്‍ജിബിടി സമൂഹം. ഐപിസി 377ാം വകുപ്പ് ഭരണഘടനാ വിരുദ്ധമാണെന്ന് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് വിധി പ്രഖ്യാപിച്ചത്.
അഞ്ചംഗ ബെഞ്ചിന്‍റെ വിധി പ്രസ്താവം വന്നതോടെ സുപ്രീംകോടതിയ്ക്ക് പുറത്തും വിവിധ ഇടങ്ങളിലും ആഘോഷം തുടങ്ങിയിരുന്നു. വിധിയെ സ്വാഗതം ചെയ്ത് ട്രാന്‍സ്ജെന്‍റര്‍ ആക്ടിവിസ്റ്റുകളും രംഗത്തെത്തി. കേരളത്തിലെ ട്രാന്‍സ്ജെന്‍റര്‍ ആക്ടിവ്സ്റ്റുകളായ ശീതല്‍ ശ്യാം, ഫൈസല്‍ ഫൈസു തുടങ്ങിയവരും വിധിയെ സ്വാഗതം ചെയ്തു.
രാജ്യത്തിന് ഓക്സിജന്‍ തിരിച്ചുകിട്ടിയെന്ന് ബോളിവുഡ് സംവിധായകന്‍ കരണ്‍ ജോഹര്‍ ട്വീറ്റ് ചെയ്തു.
വൈവിധ്യത്തിന്‍റെ ശക്തിയെ മാനിക്കണം. ഐപിസി 377 ഏകപക്ഷീയവും യുക്തിരഹിതമാണെന്നും ചീഫ് ജസ്റ്റിസ് വ്യക്തമാക്കി. ഒരാളുടെ ലൈംഗികത എന്നത് ഭയത്തോടുകൂടി ആകരുത്. ഞാന്‍ എന്താണോ അത് തന്നെയാണ് ഞാന്‍ എന്ന രീതിയില്‍ ജീവിക്കാന്‍ ഒരു വ്യക്തിയ്ക്ക് സാധിക്കണം. അതിന് ഭരണഘടനാപരമായ അവകാശമുണ്ട്. ഒരു ജീവിതത്തിന്‍റെ അര്‍ത്ഥം എന്നത് സ്വതന്ത്രമായി ജീവിക്കുക എന്നത് കൂടിയാണ്. ഭയത്തോടുകൂടി ജീവിക്കലല്ല എന്നും പ്രസ്താവത്തില്‍ ചീഫ് ജസ്റ്റിസ് പറഞ്ഞു.
ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ അഞ്ചംഗ ബെഞ്ചാണ് വിധി പ്രസ്താവിച്ചത്. ജസ്റ്റിസുമാരായ എം എം ഖാന്‍വില്‍ക്കര്‍, ഇന്ദു മല്‍ഹോത്ര, ആര്‍ എഫ് നരിമാന്‍ എന്നിവരാണ് മറ്റ് അംഗങ്ങള്‍. ബെഞ്ചിന്‍റെ യോജിച്ചുള്ള വിധിയാണെന്ന് ദീപക് മിശ്ര വ്യക്തമാക്കി.
