ഇന്ധന വിലവർദ്ധന നിയന്ത്രിക്കാൻ കേന്ദ്രസർക്കാർ ഇടപെടല്‍ നികുതി കുറയ്ക്കണമെന്ന ശുപാർശ ധനമന്ത്രാലയത്തിന് നൽകും
ദില്ലി: പെട്രോളിയം ഉൽപ്പന്നങ്ങളുടെ വില തുടരെ കൂട്ടുന്നത് ഒഴിവാക്കണമെന്ന് പെട്രോളിയം മന്ത്രി ധർമ്മേന്ദ്ര പ്രധാൻ എണ്ണ കമ്പനി മേധാവികളോട് ആവശ്യപ്പെടും. നികുതി കുറയ്ക്കണമെന്ന ശുപാർശ പെട്രോളിയം മന്ത്രാലയം വീണ്ടും ധനകാര്യമന്ത്രാലയത്തിന്റെ മുമ്പിൽ വച്ചു.
എല്ലാ പെട്രോൾ പമ്പുകളിലും ഉയരുന്നത് ജനരോഷമാണ്. തുടർച്ചയായി ഒമ്പതാം ദിവസവും പെട്രോളിയം ഉൽപന്നങ്ങളുടെ വില ഉയർന്നു. ദില്ലിയിലുൾപ്പടെ എണ്ണവില റെക്കോർഡിലെത്തിയ സാഹചര്യത്തിലാണ് ഒടുവിൽ പെട്രോളിയം മന്ത്രാലയം ഉണരുന്നത്. പെട്രോളിയം മന്ത്രി ധർമ്മേന്ദ്ര പ്രധാൻ രാവിലെ മുതർന്ന ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തി.
പെട്രോളിയം കമ്പനി മേധാവികളുമായി ധർമ്മേന്ദ്ര പ്രധാൻ സംസാരിക്കും. എല്ലാ ദിവസവും വില കൂട്ടുന്ന സാഹചര്യം ഒഴിവാക്കണമെന്നും എണ്ണവില വർദ്ധനവിൻറെ ഭാരം മുഴുവൻ ഉപഭോക്താക്കളുടെ തലയിൽ കെട്ടിവയ്ക്കരുതെന്നും മന്ത്രാലയം ആവശ്യപ്പെടും. നിലവിൽ പെട്രോളിന് ലിറ്ററിന് പത്തൊമ്പത് രൂപ നാല്പത്തിയെട്ട് പൈസയാണ് എക്സൈസ് നികുതി. ഇത് കുറയ്ക്കണമെന്ന ആവശ്യം വീണ്ടും മന്ത്രാലയം മുന്നോട്ടു വയ്ക്കും. എന്നാൽ ധനമന്ത്രാലയത്തിന് അനുകൂല നിലപാടില്ലെന്നാണ് സൂചന.
സംസ്ഥാനങ്ങളാണ് കൂടുതൽ വരുമാനം പെട്രോളിയം വിലവർദ്ധനവിലൂടെ ഉണ്ടാക്കുന്നതെന്ന് ധനമന്ത്രാലയം വാദിക്കുന്നു. നരേന്ദ്രമോദി സർക്കാർ ശനിയാഴ്ച നാലു വർഷം പൂർത്തിയാക്കുന്നത്. പെട്രോളിയം വില കൂട്ടുന്നതിനെതിരെ അന്ന് വൻ പ്രതിഷേധത്തിന് പ്രതിപക്ഷം ആലോചിക്കുമ്പോഴാണ് പെട്രോളിയം മന്ത്രാലയം ഇടപെടുന്നത്.
