കയ്യിൽ ഉണ്ടായിരുന്ന ഫയർസ്ഫോഴ്സ്, പൊലീസ് ഐഡികൾ കാർഡുകൾ സുഹൃത്തുക്കളുടേതെന്നാണ് വിഷ്ണു പൊലീസിനോട് പറഞ്ഞിരിക്കുന്നത്. മദ്യപിച്ചിരുന്നതായും വിഷ്ണു പൊലീസിന് മൊഴി നൽകിയിട്ടുണ്ട്.
തിരുവനന്തപുരം: കിളിമാനൂരിൽ ദമ്പതികളുടെ മരണത്തിന് ഇടയാക്കിയ വാഹനാപകടത്തിൽ മുഖ്യപ്രതി വിഷ്ണു പിടിയിലായി. അപകട സമയത്ത് വാഹനത്തിൽ വിഷ്ണുവിന്റെ കൂടെ ആരും ഉണ്ടായിരുന്നില്ലെന്ന് പൊലീസ് വ്യക്തമാക്കി. കയ്യിൽ ഉണ്ടായിരുന്ന ഫയർസ്ഫോഴ്സ്, പൊലീസ് ഐഡികൾ കാർഡുകൾ സുഹൃത്തുക്കളുടേത് എന്നാണ് വിഷ്ണു പൊലീസിനോട് പറഞ്ഞിരിക്കുന്നത്. മദ്യപിച്ചിരുന്നതായും വിഷ്ണു പൊലീസിന് മൊഴി നൽകിയിട്ടുണ്ട്.
ടോളുകൾ മറി കടക്കാൻ വേണ്ടിയാണ് ഐഡികൾ കയ്യിൽ കരുതിയത്. പൊലീസ് ഉദ്യോഗസ്ഥന്റെയും ഫയർഫോഴ്സ് ഉദ്യോഗസ്ഥന്റെയും ടവർ ലൊക്കേഷൻ പൊലീസ് പരിശോധിച്ചു. സംഭവസമയം ഇവർ കിളിമാനൂരിൽ ഇല്ലെന്നാണ് നിഗമനം. എന്നാൽ വിഷ്ണുവിന്റെ മൊഴി പൊലീസ് പൂർണമായും വിശ്വാസത്തിലെടുത്തിട്ടില്ല. അപകടമുണ്ടാക്കിയ താറിന്റെ ഉടമ വിഷ്ണുവിനെ ഇന്ന് പുലർച്ചെയാണ് പാറശ്ശാലയിൽ നിന്ന് ആറ്റിങ്ങൽ ഡിവൈഎസ്പിയുടെ സംഘം കസ്റ്റഡിയിലെടുത്തത്.
വള്ളക്കടവ് സ്വദേശിയായ വിഷ്ണുവിനെ ഇന്ന് പുലർച്ചെയോടെയാണ് പാറശ്ശാലയിൽ നിന്ന് പിടികൂടിയത്. ആറ്റിങ്ങൽ ഡിവൈഎസ്പിയുടെ നേതൃതത്വത്തിൽ രണ്ട് സംഘങ്ങളായി തിരിഞ്ഞായിരുന്നു തെരച്ചിൽ. അപകടശേഷം കേരളം വിട്ട വിഷ്ണു ഡിണ്ടിഗൽ, തേനി എന്നിങ്ങനെ തമിഴ്നാടിന്റെ വിവിധ ഭാഗങ്ങളിലായി ഒളിവിൽ കഴിയുകയായിരുന്നു. ഇന്നലെ ഇയാളുടെ മുൻകൂർ ജാമ്യാപേക്ഷ സെഷൻസ് കോടതി തള്ളിയിരുന്നു. കയ്യിലെ പണവും തീർന്നു. ഇതോടെ ഇയാൾ കേരളത്തിലേക്ക് മടങ്ങി. ഇതിനിടയിലാണ് വിഷ്ണു പിടിയിലാവുന്നത്.
കഴിഞ്ഞ മൂന്നിന് വൈകീട്ട് സംസ്ഥാന പാതയിൽ പാപ്പാലയിലായിലാണ് അപകടം ഉണ്ടായത്. കിളിമാനൂര്‍ സ്വദേശികളായ രജിത്തും അംബികയും സഞ്ചരിച്ച സ്കൂട്ടറിന് പിന്നിൽ അമിതേവഗത്തിൽ വന്ന ഥാർ ജീപ്പിടിക്കുകയായിരുന്നു. ഗുരുതര പരിക്കേറ്റ അംബിക ഏഴാം തീയതി മരിച്ചു. ചൊവാഴ്ച കടയ്ക്കൽ താലൂക്ക് ആശുപത്രിയിൽ വച്ച് രജിത്തും മരിച്ചു. അപകട സമയം തന്നെ നാട്ടുകാർ പിടികൂടി വിഷ്ണുവിനെ പൊലീസിൽ ഏൽപ്പിച്ചിരുന്നു. എന്നാൽ പൊലീസ് സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു.
പിന്നാലെയാണ് ഇയാൾ ഒളിവിൽ പോയത്. ജീപ്പിൽ കൂടുതൽ പേരുണ്ടായിരുന്നു എന്നും, അവരെയും പിടികൂടണം എന്നുമാണ് അംബികയുടെയും രഞ്ജിത്തിന്റെയും കുടുംബത്തിന്റെ ആവശ്യം. രണ്ട് പേരുടെ മരണത്തിനിടയാക്കിയ കേസിൽ മുഖ്യപ്രതിയെ പൊലീസ് വിട്ടയച്ചത് വലിയ പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. ഗുരുതര കൃത്യവിലോപം സംഭവിച്ചെന്ന അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കിളിമാനൂർ കിളിമാനൂര് എസ്എച്ച്ഒ ഡി.ജയന്‍, എസ്ഐമാരായ അരുണ്‍, ഷജീം എന്നിവരെ റേഞ്ച് ഐജി അന്വേഷണ വിധേയമായി സസ്പെന്‍റ് ചെയ്തിരുന്നു. സംഭവ ദിവസം കേസ് എടുക്കാൻ പോലും പൊലീസ് തയാറായിരുന്നില്ല. നാട്ടുകാരുടെ വലിയ പ്രതിഷേധത്തിന് ഒടുവിലായിരുന്നു അന്വേഷണം ഊർജിതമാക്കിയത്. വിഷ്ണുവിനെ ഒളിവിൽ പോകാൻ സഹായിച്ച സുഹൃത്ത് ആദർശിനെ നേരത്തെ പിടികൂടിയിരുന്നു.



