ചെന്നൈ: തമിഴ്നാട്ടിലെ ഭരണപ്രതിസന്ധി നേരിടാന്‍ ഗവർണർ സി വിദ്യാസഗര്‍ റാവു കേന്ദ്രസേനയെ വിളിച്ചേക്കും. സേനയുടെ സഹായം ആവശ്യപ്പെടാൻ മുഖ്യമന്ത്രി പനീർശെൽവത്തോട് ഗവര്‍ണര്‍ നിർദ്ദേശിച്ചു . എംഎല്‍എമാരെ തടവിലാക്കിയെന്ന പരാതിയിലാണ് ഗവർണറുടെ നടപടി. പോലീസുകാര്‍ക്കിടയിലും ഉദ്യോഗസ്ഥര്‍ക്കിടയിലും കൃത്യമായ ചേരിതിരിവാണ് ഇപ്പോള്‍ നിലനില്‍ക്കുന്നത്. അതിനാല്‍ തന്നെ ഇപ്പോള്‍ സംസ്ഥാനത്ത് ഭരണപ്രതിസന്ധിയാണ് എന്നാണ് ഗവര്‍ണറുടെ കണ്ടെത്തല്‍. ഇന്ന് രാവിലെ ഡിജിപിയെ വിളിച്ചുവരുത്തി സംസ്ഥാനത്തെ ക്രമസമാധന നില ഗവര്‍ണര്‍ വിലയിരുത്തിയിരുന്നു.

അതേസമയം ശശികലയ്ക്ക് പാർട്ടി ജനറൽ സെക്രട്ടറിയായി തുടരാനാകില്ലെന്ന് കാണിച്ച് ഇന്നലെ ഒ പനീർശെൽവത്തിന്‍റെ ക്യാമ്പിലെത്തിയ പ്രസീഡിയം ചെയർമാൻ മധുസൂദനൻ ദേശീയ തെരഞ്ഞെടുപ്പ് കമ്മീഷന് കത്ത് നൽകി. മണിക്കൂറുകൾക്കകം മധുസൂദനനെ പാർട്ടിയുടെ പ്രാഥമികാംഗത്വത്തിൽ നിന്ന് പുറത്താക്കുകയായിരുന്നു ശശികല ചെയ്തത്. 

എംഎൽഎമാരുടെ പിന്തുണയുണ്ടെന്നുകാണിച്ച് ശശികല നൽകിയ കത്ത് വ്യാജമാണെന്ന് പനീർശെൽവം ക്യാമ്പ് ആരോപിയ്ക്കുന്നതിനാൽ ഗവർണർ ഇത് പരിശോധിച്ചേയ്ക്കും. അനധികൃതസ്വത്ത് സമ്പാദനക്കേസിലെ വിധി പ്രതികൂലമായാൽ പകരം മുഖ്യമന്ത്രിയായി വിശ്വസ്തൻ എടപ്പടി കെ പളനിസാമിയെ ശശികല കണ്ടുവെച്ചിട്ടുണ്ട്.

ഇന്നലെ ശശികല ഗവർണർക്ക് കൈമാറിയ കത്തിൽ 129 എംഎൽഎമാരുടെ പിന്തുണയുണ്ടെന്നാണ് അവകാശവാദമുന്നയിച്ചിരിയ്ക്കുന്നത്. അഞ്ച് എംഎൽഎമാർ പനീർശെൽവം ക്യാമ്പിലേയ്ക്ക് കൂറുമാറുന്നതിന് മുൻപ് തനിയ്ക്ക് പിന്തുണയറിയിച്ച് കത്ത് നൽകിയിരുന്നു. എന്നാൽ വെള്ളക്കടലാസിൽ ഒപ്പിട്ടുവാങ്ങിയും ഒപ്പുകൾ വ്യാജമായി നിർമ്മിച്ചുമാണ് ഈ പിന്തുണ ശശികല നേടിയെടുത്തതെന്നാണ് പനീർശെൽവം ക്യാമ്പിന്‍റെ ആരോപണം. 

ഈ സാഹചര്യത്തിൽ ഗവർണർ സ്പീക്കറുടെ സാന്നിദ്ധ്യത്തിൽ ഒപ്പുകൾ പരിശോധിയ്ക്കും. അതേസമയം, അനധികൃതസ്വത്ത് സമ്പാദനക്കേസിലെ വിധി പ്രതികൂലമായാൽ പകരം പദ്ധതി ശശികല കണ്ടുവച്ചിട്ടുണ്ട്. വിശ്വസ്തനും മന്ത്രിയുമായ എടപ്പടി കെ പളനിസാമിയെ മുഖ്യമന്ത്രിയാക്കാനും ശശികല തീരുമാനിച്ചിട്ടുണ്ട്. സഹോദരീപുത്രൻ ടിടിവി ദിനകരനെ മുഖ്യമന്ത്രിയാക്കാനായിരുന്നു ആദ്യം തീരുമാനമെങ്കിലും ജനരോഷം ഭയന്ന് പദ്ധതി മാറ്റുകയായിരുന്നു. ഇതിനിടെ, അമ്മയുടെ സഹോദരിയായ ശശികലയ്ക്ക് വേണ്ടി ജയലളിതയുടെ വളർത്തുമകനായിരുന്ന സുധാകരൻ കാഞ്ചീപുരത്തെ ഒരു ക്ഷേത്രത്തിൽ പൂജകൾ നടത്തി.