മുംബൈ: രാജ്യത്തെ അവശ്യ മരുന്നുകളുടെ വിലയിലും വര്‍ധന വരുന്നു. ആന്‍റിബയോട്ടിക്കുകള്‍, അലര്‍ജിക്കും മലേറിയക്കുമെതിരെയുള്ള  മരുന്നുകള്‍, ബിസിജി വാക്സിന്‍, വിറ്റാമിന്‍ സി എന്നിവയുള്‍പ്പെടെ 21 മരുന്നുകള്‍ക്കാണ് 50 ശതമാനത്തിലധികം വില വര്‍ധിപ്പിക്കാന്‍ എന്‍പിപിഎ (നാഷണല്‍ ഫാര്‍മസ്യൂട്ടിക്കല്‍ പ്രൈസിംഗ് അതോറിറ്റി) അനുമതി നല്‍കിയത്. ആദ്യമായാണ് ഒറ്റയടിക്ക് 50 ശതമാനം വില വര്‍ധിപ്പിക്കുന്നത്. ഏപ്രിലില്‍ പുതുക്കിയ വില നിലവില്‍ വരും.

ബിസിജി വാക്സിന്‍, ക്ലോറോക്വിന്‍(ആന്‍റി-മലേറിയ), ഡാപ്സണ്‍(കുഷ്ഠരോഗത്തിനെതിരെയുള്ള മരുന്ന്), മെട്രോനിഡാസോള്‍(ആന്‍റി ബയോടിക്), വിറ്റമിന്‍ സി, ഫ്യൂറോസെമിഡ് (മൂത്ര തടസ്സത്തിനെതിരെയുള്ള മരുന്ന്) എന്നിവക്കാണ് വില കൂടുന്നത്. ജനതാല്‍പര്യം പരിഗണിച്ച് മരുന്നുകള്‍ വിപണിയില്‍ ലഭ്യമാക്കാനാണ് വില വര്‍ധിപ്പിച്ചതെന്ന് അതോറിറ്റി വ്യക്തമാക്കി.

19ാം പാരഗ്രാഫിലെ പൊതുതാല്‍പര്യത്തിന്‍റെ അധികാരമുപയോഗിച്ചാണ് വില കൂട്ടാന്‍ അനുമതി നല്‍കുന്നതെന്നും അതോറിറ്റി അറിയിച്ചു. എന്നാല്‍, ഈ വ്യവസ്ഥ ഉപയോഗിച്ച് ആദ്യമായാണ് വില കൂട്ടാന്‍ അനുമതി നല്‍കുന്നത്. നേരത്തെ, അവശ്യ മരുന്നുകളുടെ വില കുറക്കാനായിരുന്നു ഈ വ്യവസ്ഥ ഉപയോഗിച്ചിരുന്നത്. രണ്ട് വര്‍ഷക്കാലമായി മരുന്ന് കമ്പനികളുടെ ആവശ്യമാണ് സര്‍ക്കാര്‍ നടപ്പാക്കിയത്. മരുന്ന് ഉല്‍പാദനത്തിനുള്ള അസംസ്കൃത വസ്തുക്കളുടെ വിലക്കയറ്റവും ലഭ്യതക്കുറവുമാണ് മരുന്ന് കമ്പനികള്‍ ചൂണ്ടിക്കാട്ടിയത്.

അവശ്യ മരുന്നുകളായതിനാല്‍ വിപണിയില്‍ ലഭ്യമാക്കേണ്ടത് അത്യാവശ്യമാണെന്നാണ് സര്‍ക്കാര്‍ വിശദീകരണം. വിലകൂട്ടിയ അധികം മരുന്നുകളും ആദ്യഘട്ട ചികിത്സയില്‍ തന്നെ രോഗികള്‍ക്ക് നല്‍കുന്നതാണ്. അതുകൊണ്ടുതന്നെ മരുന്നുകളുടെ ലഭ്യതക്കുറവ് ഗുരുതര പ്രശ്നമുണ്ടാക്കും. പല കമ്പനികളും ഈ മരുന്നുകളുടെ ഉല്‍പാദനം കുറച്ച സാഹചര്യത്തിലാണ് വില കൂട്ടിയതെന്നും എന്‍പിപിഎ വ്യക്തമാക്കി. വിപണിയെ അടിസ്ഥാനമാക്കിയാണ് വില പുനര്‍നിര്‍ണയിക്കുന്നതെന്നും അതോറിറ്റി വിശദീകരിച്ചു. 

വര്‍ഷത്തില്‍ ഒരിക്കല്‍ മാത്രമാണ് ഷെഡ്യൂള്‍ഡ് മരുന്നുകളുടെ വില പുന:പരിശോധിക്കാന്‍ തീരുമാനമെടുക്കുക, മൊത്തവില സൂചികയുടെ അടിസ്ഥാനത്തിലാണ് വില നിര്‍ണയം നടത്തിയിരുന്നത്.ഡിസംബര്‍ ഒമ്പതിനാണ് എന്‍പിപിഎ യോഗം ചേര്‍ന്നത്.