മെഡിക്കല്‍ കോളേജുകള്‍ അനുവദിക്കാന്‍ കേരളത്തിലെ ബിജെപി നേതാക്കള്‍ കോഴ വാങ്ങിയെന്ന പരാതി അന്വേഷിക്കാനും അന്വേഷണ വിവരങ്ങള്‍ കൈമാറാനും സംസ്ഥാന ആഭ്യന്തര സെക്രട്ടറിക്ക് കേന്ദ്ര ആഭ്യന്തരമന്ത്രാലയം നിര്‍ദ്ദേശം നല്‍കി. സംസ്ഥാനസര്‍ക്കാരിന്‍റെ അധികാര പരിധിയില്‍ വരുന്നതിനാലാണ് സംസ്ഥാന സര്‍ക്കാരിനോട് വിശദീകരണം തേടിയതെന്ന് ആഭ്യന്തരമന്ത്രാലയം വ്യക്തമാക്കി. സാമ്പത്തിക ഇടപാടിനെക്കുറിച്ച് എന്‍ഫോഴ്‌സ്മെന്‍റ് ‍ഡയറക്ടറേറ്റും ആരോഗ്യമന്ത്രാലയവും അന്വേഷിച്ച് നടപടിയെടുത്ത് റിപ്പോര്‍ട്ട് നല്‍കണമെന്നും കേന്ദ്ര ആഭ്യന്തരസെക്രട്ടറി നിര്‍ദ്ദേശിച്ചു. കെ സി വേണുഗോപാല്‍ എംപിയെയാണ് ഇക്കാര്യം അറിയിച്ചത്. മെഡിക്കല്‍ കോഴ ഇടപാടില്‍ കുറ്റക്കാര്‍ക്കെതിരെ നടപടിയെടുക്കണമെന്ന് കെ സി വേണുഗോപാല്‍ കഴിഞ്ഞ പാര്‍ലമെന്‍റിന്‍റെ ശൂന്യവേളയില്‍ ഉന്നയിച്ചിരുന്നു. ഇതിനുള്ള മറുപടിയിലാണ് കേന്ദ്രം സംസ്ഥാനത്തിന്‍റെ വിശദീകരണം തേടിയത്